കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു
ബത്തേരി : കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി വനം വകുപ്പ് ഡിവിഷനില്‍ പാലപ്പിള്ളിയിലെ ജനവാസ പ്രദേശത്തിറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കിയാനകളുമായി ബത്തേരിയില്‍ നിന്ന് പോയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സിബിള്‍ ടീം അംഗമായിരുന്ന ഹുസൈനാണ് മരിച്ചത്.
കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് മുക്കം സ്വദേശിയാണ് ഹുസൈന്‍. കുറുക്കന്‍മൂല കടുവാ വിഷയത്തിലടക്കം ആര്‍.ആര്‍.ടി യുടെ പ്രധാനപ്പെട്ട എല്ലാ ദൗത്യങ്ങളിലും ഹുസൈന്‍ മുന്‍ നിരയിലുണ്ടായിരുന്നു. സൗത്ത് വയനാട് ഡി.എഫ് ഒ ഷജ്‌നകരീം ഉള്‍പ്പെടെയുള്ളവര്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്.