ഋഷി സുനകിനെ പരാജയപ്പെടുത്തി യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ്
ലണ്ടന്‍ : യു.കെ പ്രധാനമന്ത്രിയായി മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രെസ്. ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. മിക്ക സര്‍വ്വേകളും ലിസ് ട്രെസ് യു.കെ പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു.
ജൂലൈയില്‍ ബോറിസ് ജോണ്‍സന്റെ രാജിയെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വമത്സരം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ തന്റെ എതിരാളിയായ മുന്‍ ധനമന്ത്രി ഋഷി സുനക്കിനെ 60,399 ന് എതിരെ 81,326 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. നികുതി വെട്ടിച്ചുരുക്കുന്നതിനും നമ്മുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നതിനുമുള്ള ഒരു ധീരമായ പദ്ധതി ഞാന്‍ അവതരിപ്പിക്കുമെന്ന് ഫലം പ്രഖ്യാപിച്ചതിന് ശേഷം ട്രസ് പറഞ്ഞു.
ഊര്‍ജ്ജ പ്രതിസന്ധി, ജനങ്ങളുടെ ഊര്‍ജ്ജ ബില്ലുകള്‍ കൈകാര്യം ചെയ്യല്‍, മാത്രമല്ല ഊര്‍ജ്ജ വിതരണത്തില്‍ നമുക്കുള്ള ദീര്‍ഘകാല പ്രശ്‌നങ്ങളും ഞാന്‍ കൈകാര്യം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. വിജയത്തോടെ, ട്രസ് 2015 ലെ തിരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവുകളുടെ നാലാമത്തെ പ്രധാനമന്ത്രിയായി.
ഒരു മാസത്തോളമായി നീണ്ടു നിന്ന ഓണ്‍ലൈന്‍ പോസ്റ്റല്‍ വോട്ടെടുപ്പില്‍ 1.60 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് നിയമ ലംഘന ആഘോഷ പാര്‍ട്ടികളുടെയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ അറുപതോളം മുതിര്‍ന്ന മന്ത്രിമാരാണ് ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് നീണ്ട സമ്മര്‍ദ്ദത്തിനൊടുവിലാണ് ബോറിസ് ജോണ്‍സണ്‍ രാജി വച്ചത്.