വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു
മടക്കിമല: വയനാട് ഗവ. മെഡിക്കല്‍ കോളേജിന് കോട്ടത്തറ വില്ലേജിലെ മടക്കിമലയ്‌ക്കു സമീപം ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റില്‍ നിന്ന് ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്‌തമാകുന്നു.
മാനന്തവാടി താലൂക്കില്‍ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിക്കടുത്തുള്ള ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് സ്‌ഥിരം നിര്‍മാണത്തിനു നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌ഥാപനം മടക്കിമലയില്‍ വേണമെന്ന ആവശ്യം ഉയരുന്നത്. പ്രകൃതി ദുരന്തത്തിനു സാധ്യതയുണ്ടെന്നു പറഞ്ഞാണ് മടക്കിമലയിലെ ദാനഭൂമിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. തെക്കേ വയനാട്ടിലെ പൊതു പ്രവര്‍ത്തകരില്‍ ചിലര്‍ അഡ്‌മിന്‍മാരായി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്‌മയാണ് മെഡിക്കല്‍ കോളേജ് മടക്കിമല ഭൂമിയില്‍ നിര്‍മിക്കുന്നതിനു കാമ്പയിന്‍ നടത്തുന്നത്. മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിലെയും നിര്‍മാണത്തിനു ജില്ലാ അതിര്‍ത്തിയിലെ ഭൂമി തെരഞ്ഞെടുത്തതിലെയും അനൗചിത്യം
കൂട്ടായ്‌മയില്‍ ദിവസങ്ങളോളം ചര്‍ച്ചയായിയിരുന്നു. പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ചു ശാസ്‌ത്രീയ പഠനം നടത്താതെ മടക്കിമലയിലെ ഭൂമി സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ ഗൂഢ താത്‌പര്യങ്ങളുണ്ടെന്നു കൂട്ടായ്‌മ അംഗങ്ങളില്‍ പലരും ആരോപിച്ചു.
കഴിഞ്ഞ ദിവസം കമ്പളക്കാട് ചേര്‍ന്ന വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്‌ഥാപിക്കുന്നതില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. താത്‌കാലിക ഭാരവാഹികളായി ഇ.പി. ഫിലിപ്പുകുട്ടി (ചെയര്‍മാന്‍), ഗഫൂര്‍ വെണ്ണിയോട്, അഡ്വ. പി.എം. രാജീവ്, എടത്തില്‍ അബ്‌ദുറഹ്‌മാന്‍, വി.പി. യൂസഫ്, പ്രിന്‍സ് കോട്ടത്തറ (വൈസ് ചെയര്‍മാന്‍മാര്‍), വിജയന്‍ മടക്കിമല (ജനറല്‍ കണ്‍വീനര്‍), ബെന്നി തൃക്കൈപ്പറ്റ, ഇക്‌ബാല്‍ മുട്ടില്‍, ജോബിന്‍ ജോസ്, ഇ.ജെ.അഷ്‌റഫ്, ബഷീര്‍ മുളറമ്ബത്ത് (കണ്‍വീനര്‍), വി.പി.അബ്‌ദുല്‍ ഷുക്കൂര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.
പ്രമുഖ അഭിഭാഷകരെ ഉള്‍പ്പെടുത്തി ലീഗല്‍ സെല്ലും നവമാധ്യമങ്ങളില്‍ പ്രചാരണത്തിനു സൈബര്‍ സെല്ലും രൂപീകരിക്കാന്‍ തീരുമാനിച്ചു. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് ഗവ.മെഡിക്കല്‍ കോളേജ്. ചന്ദ്രപ്രഭ ട്രസ്‌റ്റ് ദാനംചെയ്‌ത 50 ഏക്കര്‍ സ്വീകരിച്ചും ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ ട്രസ്‌റ്റിനെ അനുവദിച്ചും 2015 ജനുവരി 24നാണ് സര്‍ക്കാര്‍ ഉത്തരവായത്. 2015 ജൂലൈ 12ന് കല്‍പറ്റ എസ്.കെ.എംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെഡിക്കല്‍ കോളേജ് ശിലാസ്‌ഥാപനം നടത്തിയത്. അന്തരിച്ച എം.കെ.ജിനചന്ദ്രന്റെ പേരില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കണമെന്ന വ്യവസ്‌ഥയിലാണ് എം.ജെ.വിജയപദ്‌മന്റെ നിയന്ത്രണത്തിലുള്ള ട്രസ്‌റ്റ് ഭൂമി വിട്ടുകൊടുത്തത്.
മാനന്തവാടി സംസ്‌ഥാന പാതയിലെ മുരണിക്കരയില്‍ നിന്നു മെഡിക്കല്‍ കോളേജ് ഭൂമിയിലേക്കുള്ള റോഡ് നിര്‍മാണം ഭാഗികമായി പൂര്‍ത്തിയായപ്പോഴായിരുന്നു 2018ലെ പ്രളയം. ഇതിനു പിന്നാലെയാണ് മടക്കിമലയിലെ ഭൂമി നിര്‍മാണത്തിനു പറ്റിയതല്ലെന്നു കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്‌തമാക്കിയത്. പിന്നീട് മെഡിക്കല്‍ കോളേജിനായി ചുണ്ടേലിനു സമീപം ഭൂമി കണ്ടെത്താനും മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിലയ്‌ക്കുവാങ്ങി ഗവ.മെഡിക്കല്‍ കോളേജാക്കാനും വിഫലശ്രമം നടന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായത്.
ബോയ്‌സ് ടൗണിലെ ലെവന്‍ എസേ്‌റ്ററ്റില്‍ നിന്നും മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത 65 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളജിനു അനുവദിച്ച് 2022 മാര്‍ച്ച് 19നാണ് ഉത്തരവിറങ്ങിയത്. മെഡിക്കല്‍ കോളേജിനുള്ള നിര്‍മാണങ്ങള്‍ വയനാടിന്റെ മധ്യഭാഗത്തു സ്‌ഥലം കണ്ടെത്തി നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നതിനിടെയായിരുന്നു ഇത്. ഉത്തരവിനെതിരേ തെക്കേവയനാട്ടില്‍നിന്നുള്ള ജനപ്രതിനിധികളും പ്രധാന രാഷ്ര്‌ടീയ പാര്‍ട്ടി നേതാക്കളും അടക്കം രംഗത്തുവന്നിരുന്നില്ല. ഇതിനിടെ, മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്താത്ത സാഹചര്യത്തില്‍ ഭൂമി തിരികെ കിട്ടുന്നതിനു ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റ് നിയമത്തിന്റെ വഴി തേടുകയുമുണ്ടായി.വയനാടിന്റെ പല ഭാഗങ്ങളിലുമുള്ളവരെ സംബന്ധിച്ചിടത്തോളം ബോയ്‌സ് ടൗണ്‍ വിദൂരസ്‌ഥലമാണെന്നു ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി.ഫിലിപ്പുകുട്ടി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല എന്നിവര്‍ പറഞ്ഞു. തെക്കേവയനാട്ടിലെ വടുവന്‍ചാലില്‍നിന്നു 62 ഉം, മുണ്ടക്കൈയില്‍നിന്നു 67 ഉം, പൊന്‍കുഴിയില്‍നിന്നു 73 ഉം, ലക്കിടിയില്‍നിന്നു 62 ഉം, ബത്തേരിയില്‍നിന്നു 57 ഉം, മരക്കടവില്‍നിന്നു 45 ഉം, മേപ്പാടിയില്‍നിന്നു 56 ഉം, കാപ്പിക്കളത്തുനിന്നു 40 ഉം കിലോമീറ്റര്‍ അകലെയാണ് ബോയ്‌സ് ടൗണ്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബില്‍ നിന്നും 57 ഉം ഇരിട്ടിയില്‍നിന്നും 56 ഉം കിലോമീറ്റാണ് ഇവിടേക്കു ദൂരം.