March 15, 2025

ഹോങ്കോങ്ങിനെ 40 റണ്‍സിന് വീഴ്ത്തി; ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍

Share

ഹോങ്കോങ്ങിനെ 40 റണ്‍സിന് വീഴ്ത്തി; ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍

 

ദുബായ്: ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ മുന്‍പില്‍ വെച്ച 193 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 152 റണ്‍സ്.

41 റണ്‍സ് എടുത്ത ബാബര്‍ ഹയാത്തും 30 റണ്‍സ് എടുത്ത കിഞ്ചിത് ഷായുമാണ് ഹോങ്കോങ് നിരയില്‍ പിടിച്ചുനിന്ന് റണ്‍സ് കണ്ടെത്തിയത്. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

26 പന്തില്‍ നിന്ന് 68 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 26 പന്തില്‍ നിന്ന് ആറ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്‌സ്. കോഹ് ലി 44 പന്തില്‍ നിന്ന് 59 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ക്ക് വെറും 38 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിതിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. 13 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത രോഹിത്തിനെ ആയുഷ് ശുക്ല അസിയാസ് ഖാനിന്റെ കൈയ്യിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് പരാജയമായി.

രോഹിത്തിന് പകരം ക്രീസിലെത്തിയ വിരാട് കോഹ് ലിയെ കൂട്ടുപിടിച്ച്‌ രാഹുല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 90 കടത്തി. പക്ഷേ റണ്‍റേറ്റ് കുറഞ്ഞു. എന്നാല്‍ സ്‌കോര്‍ 94-ല്‍ നില്‍ക്കേ രാഹുലിനെ മടക്കി ഹോങ്കോങ് തിരിച്ചടിച്ചു. മുഹമ്മദ് ഗസന്‍ഫാറിന്റെ പന്തില്‍ സ്‌കോട് മക്കെച്ചിനിയെയ്ക്ക് ക്യാച്ച്‌ സമ്മാനിച്ച്‌ രാഹുല്‍ മടങ്ങി. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത് താരം മടങ്ങി.

രാഹുലിന് പകരം സൂര്യകുമാര്‍ ക്രീസിലെത്തി. സൂര്യകുമാര്‍ വന്നതോടെ ടീം സ്‌കോറിന് ജീവന്‍വെച്ചു. കോലിയും സൂര്യകുമാറും വെറും 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പിന്നാലെ കോലി അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നാണ് താരം കരിയറിലെ 31-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയിലെത്തിയത്. അവസാന ഓവറുകളില്‍ കോലിയും സൂര്യകുമാറും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 190 കടത്തിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.