കത്തോലിക്കാ കോൺഗ്രസ് നടവയൽ ഫൊറോന സമ്മേളനം സംഘടിപ്പിച്ചു
നടവയൽ : കത്തോലിക്കാ കോൺഗ്രസ് നടവയൽ ഫൊറോന സമിതി സമ്മേളനം നടവയൽ മേജർ എപ്പിസ്ക്കോപ്പൽ ഇടവകയുടെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നടവയൽ മേഖലയിലെ 13 ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമുദായസംഘടന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് മേഖല ഡയറക്ടർ റവ. ഫാ.ജോസ് മെച്ചേരിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് “മാറുന്ന കാലഘട്ടത്തിൽ കത്തോലിക്കാ കോൺഗ്രസ് സമുദായ സംഘടനയുടെ ആവശ്യകത” എന്ന വിഷയത്തിൽ സെമിനാർ നടന്നു. സെമിനാറിന് ബത്തേരി മേഖല കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ജോൺസൺ തോഴുത്തുന്നക്കൽ നേതൃത്വം നൽകി.
തുടർന്ന് മേഖല സമിതിയുടെ ജനാതിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡൻ്റ് ആയി ജയിംസ് തൈപ്പറമ്പിൽ, സെക്രട്ടറി സജി ഇരട്ടമുണ്ടക്കൽ, ട്രഷറർ ജോസ് മടത്തിക്കുന്നേൽ, തങ്കച്ചൻ, ഫിലോമിന, ബീന മൂലക്കര എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ മേഖല സമിതിക്ക് വേണ്ടി 17 അംഗ ഭരണസമിതിയും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.ജോബി മുക്കാട്ട്കാവുങ്കൽ, ഫാ.മാത്യു മാടപ്പള്ളിക്കുന്നേൽ, സൈമൺ, രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ബെന്നി അറിഞ്ചർമല, ജയിംസ് എന്നിവർ സംസാരിച്ചു.
ബഫർസോൺ വിഷയത്തിലെ അവ്യക്തത സർക്കാർ അടിയന്തരമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെപ്റ്റംബർ മൂന്നിന് സുപ്രിം കോടതിയുടെ എമ്പവർഡ് കമ്മിറ്റിക്ക് സമർപ്പിക്കുന്ന റിപ്പോർട്ട് ജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം നൽകുന്നതാകണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം മൽസ്യ തൊഴിലാളികകൾക്ക് സർക്കാർ ചെയ്തു കൊടുക്കേണ്ട പുനരധിവാസ പദ്ധതി ഉടൻ നടത്തി കൊടുത്ത് അവരുടെ ന്യായമായ ആവശ്യങ്ങൾ മുൻനിർത്തി ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും യോഗം വ്യക്തമാക്കി. വിഴിഞ്ഞം മൽസ്യ തൊഴിലാളികൾക്കു ഐക്യ ദാർഢ്യം അറിയിച്ച മീറ്റിംഗ് കരിദിനമായി ആചരിച്ചു.