പനമരം മാത്തൂരിൽ പേപ്പട്ടി ആക്രമണം ; തെരുവുനായകൾക്കും വളർത്തുനായ്ക്കും കടിയേറ്റു
പനമരം : പനമരം ടൗണിനോട് ചേർന്ന മാത്തൂരിൽ പേപ്പട്ടി ആക്രമണം. 15 ഓളം തെരുവുനായകൾക്കും വളർത്തു നായയ്ക്കും കടിയേറ്റു. പനമരം – സുൽത്താൻബത്തേരി റോഡിലെ മാത്തൂരിൽ ചൊവ്വാഴ്‌ച പകലാണ് സംഭവം. വായിൽ നിന്നും നുരയും പതയും ഉള്ള നായയാണ് ആക്രമിച്ചത്. അതിനാൽ പേവിഷബാധ ഉണ്ടാവാൻ സാധ്യത ഏറെയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
നായയുടെ കടിയേറ്റ് മാത്തൂർ സ്വദേശി ചീനിക്കര അബുവിന്റെ 15 ദിവസം പ്രായമുള്ള വളർത്തുനായ ചത്തു. പത്ത് കുട്ടികളിൽ ഒന്നിനായിരുന്നു പേപ്പട്ടിയുടെ കടിയേറ്റത്. ഈ നായയാണ് ചത്തത്. സംഭവം പനമരം ഗ്രാമപ്പഞ്ചായത്ത് അധികൃതരെയും മൃഗസംരക്ഷണ വകുപ്പിനെയും അറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനമരം മൃഗാശുപത്രിയിൽ നിന്നും ഒരു ജീവനക്കാരൻ മാത്രം സ്ഥലത്തെത്തിയെങ്കിലും അക്രമണകാരിയായ പട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്ത ദിവസം ആവശ്യമെങ്കിൽ കടിയേറ്റ നായകൾക്ക് കുത്തിവെപ്പ് നൽകാം എന്ന വിശദീകരണം മാത്രമാണ് ഇവർക്ക് ലഭിച്ചത്.
പനമരം ടൗണിലും സമീപപ്രദേശങ്ങളിലും അടുത്തിടെയായി തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. അതിനാൽ ടൗണിനോട് ചേർന്ന് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ്.