ആരോഗ്യ രംഗത്തെ ദേശീയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്
ആരോഗ്യ രംഗത്തെ ദേശീയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളര്‍ച്ചയും കുറവാണെന്ന് പഠന റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ ദേശീയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്നിലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ദേശീയ ആരോഗ്യ സര്‍വേ വിവരങ്ങള്‍ അടിസ്ഥാനമാക്കിയും ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് ദേശീയ പദ്ധതികള്‍ വിശകലനം ചെയ്തുമാണ് ഹാര്‍വര്‍ഡ് യൂനിവേഴ്സിറ്റിയും ജോഗ്രഫിക് ഇന്‍സൈറ്റ്സ് ലാബും പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
2022 ഓടെ വിളര്‍ച്ച ബാധിതരുടെ നിരക്ക് 32% ആയി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘അനീമിയ മുക്ത് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, എല്ലാകുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഇന്ദ്രധനുഷ്’, ‘പോഷണ്‍ അഭിയാന്‍’, ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രധാനമന്ത്രി ‘മാതൃ വന്ദന യോജന’ എന്നീ പദ്ധതികളാണ് പഠനത്തിനായി വിശകലനം ചെയ്തത്.
രാജ്യത്ത് കുട്ടികളിലും സ്ത്രീകളിലും വിളര്‍ച്ച വര്‍ധിക്കുകയാണെന്നും പ്രസവസമയത്ത് സ്ത്രീകളിലുണ്ടാവുന്ന വിളര്‍ച്ച അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നതിനാല്‍ ഇത് നിയന്ത്രിക്കുന്നതിനായി ശ്രദ്ധിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിരവധി ജില്ലകളില്‍ സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ കുട്ടികളിലും സ്ത്രീകളിലും വിളര്‍ച്ച കുറവാണ്. എന്നാല്‍ ബീഹാര്‍, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് വിളര്‍ച്ച കൂടുതല്‍. കൂടാതെ, ലഡാക്കിലും ജമ്മു -കാശ്മീരിലും വിളര്‍ച്ച ബാധിതരുടെ എണ്ണം കൂടുതലാണ്.
അതുപോലെ വിളര്‍ച്ച നേരിടുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്നിലാണ്. കേരളത്തെ കൂടാതെ മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ വിളര്‍ച്ച നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളായ ഗുജറാത്തും ബീഹാറും ഝാര്‍ഖണ്ഡും പദ്ധതികള്‍ നടപ്പിലാക്കുന്നതിലും പിന്നിലാണെന്നും പഠനത്തില്‍ പറയുന്നു.
ലിംഗാനുപാത നിരക്ക് അസന്തുലിതാവസ്ഥയും പഠനം തുറന്നുകാട്ടുന്നു. കേരളത്തിലെ ആലപ്പുഴയില്‍ ജനനനിരക്കില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ എന്നും എന്നാല്‍ മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ജനനനിരക്കില്‍ ആണ്‍കുട്ടികളാണ് മുന്നിലെന്നും ഉദാഹരണമായി പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ ലിംഗാനുപാത അസന്തുലിതാവസ്ഥക്കുപുറമെ പ്രതിരോധ കുത്തിവെപ്പുകള്‍ നടപ്പാക്കുന്നതില്‍ അസമത്വവും നിലനില്‍ക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.