September 21, 2024

വയനാട്ടിൽ 2931 അതി ദരിദ്രകുടുംബങ്ങള്‍ ; ഏറ്റവും കൂടുതല്‍ പനമരം പഞ്ചായത്തിൽ, കുറവ് എടവകയിലും

1 min read
Share

വയനാട്ടിൽ 2931 അതി ദരിദ്രകുടുംബങ്ങള്‍ ; ഏറ്റവും കൂടുതല്‍ പനമരം പഞ്ചായത്തിൽ, കുറവ് എടവകയിലും

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ കണ്ടെത്തിയ 2931 കുടുംബങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ആഗസ്റ്റ് 31 നു മുമ്പായി എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകമായി മൈക്രോ പ്ലാന്‍ തയ്യാറാക്കും. മൈക്രോ പ്ലാന്‍ ക്രോഡീകരിച്ച് ആവശ്യമായ പ്രോജക്റ്റുകള്‍ രൂപീകരിച്ച് സെപ്തംബര്‍ മുതല്‍ പദ്ധതികള്‍ നടപ്പാക്കും. അടിയന്തര സേവന പദ്ധതികള്‍, ഹ്രസ്വകാല പദ്ധതികള്‍, ദീര്‍ഘകാല സമഗ്ര പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് തരം പദ്ധതികളാണ് ഇവര്‍ക്കായി നടപ്പിലാക്കുക. ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങള്‍, വാസസ്ഥലം, വരുമാന ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയില്‍ വരുന്നത്.

പനമരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അതി ദരിദ്രരുള്ളത് (219 പേര്‍). കുറവ് എടവകയിലാണ് (35 പേര്‍). നഗരസഭകളില്‍ കൂടുതല്‍ മാനന്തവാടിയിലും (210 പേര്‍). കുറവ് കല്‍പ്പറ്റയിലുമാണ് (27 പേര്‍). നഗരസഭകളില്‍ ആകെ 361 കുടുംബങ്ങളും ഗ്രാമപഞ്ചായത്തുകളില്‍ 2570 കുടുംബങ്ങളുമാണ് അതി ദരിദ്രര്‍.

നേരത്തെ ശേഖരിച്ച വിവരങ്ങളുടെയും ഇപ്പോള്‍ ശേഖരിക്കുന്ന അധിക വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഓരോ കുടുംബങ്ങളെയും അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ ആരംഭിച്ചത്.

മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനതല അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ആസൂത്രണ ഭവനില്‍ സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷ വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി. മജീദ്, കില പരിശീലകരായ കെ.വി. ജുബൈര്‍, ഷാനിബ്, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.