കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധനകളും വാക്‌സിനേഷനും വര്‍ധിപ്പിക്കണമെന്നും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നുമാണ് നിര്‍ദേശം. കേരളത്തിന് പുറമേ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കണ് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളും ഒത്തുകൂടലുകളും കോവിഡ് കേസുകള്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തിന്റെ ശുപാര്‍ശ കണക്കിലെടുത്തുകൊണ്ട് ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഈ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഓഗസ്റ്റ് അഞ്ചിന് അയച്ച കത്തില്‍ രാജേഷ് ഭൂഷണ്‍ പറയുന്നുണ്ട്. മാര്‍ക്കറ്റുകള്‍, അന്തര്‍സംസ്ഥാന ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.