ജലദോഷ- അലര്‍ജി മരുന്നിന് വിലക്ക്, 4 വയസുവരെ നല്‍കരുത്
ഡല്‍ഹി : നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എഫ്.ഡി.സി ജലദോഷ-അലർജി മരുന്നുകള്‍ നല്‍കുന്നത് കേന്ദ്ര സർക്കാർ വിലക്കി. ക്ലോർഫെനിറാമിൻ മാലിയേറ്റ്- ഫെനൈല്‍ഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകളുടെയും നിർമ്മാണം, വില്പന, വിതരണം എന്നിവയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
ഇത്തരം മരുന്നുകള്‍ നാല് വയസിന് താഴെയുള്ള കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാൻ സാദ്ധ്യതയുണ്ടെന്ന വിദഗ്ദ്ധ സമിതിയുടെയും ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡിന്റെയും (ഡി.ടി.എ.ബി) ശുപാർശയെ തുടർന്നാണ് നിയന്ത്രണം. കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മരുന്നുകളുടെ ലേബല്‍, പാക്കേജ് ഇൻസർട്ട്, പരസ്യപ്രചാരണ സാമഗ്രികള്‍ എന്നിവയില്‍ ‘നാലു വയസില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കരുത്” എന്ന മുന്നറിയിപ്പ് വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ക്ലോർഫെനിറാമിൻ മാലിയേറ്റ്- ഫെനൈല്‍ഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ ചില മരുന്നുകള്‍ക്കുമാത്രമായിരുന്നു വിലക്ക്. പുതിയ തീരുമാനത്തോടെ ഇവ അടങ്ങിയ എല്ലാ മരുന്നുകള്‍ക്കും നിയന്ത്രണം ബാധകമായി.ക്ലോർഫെനിറാമിൻ മാലിയേറ്റ് അലർജി ലക്ഷണങ്ങള്‍ കുറയ്ക്കാൻ ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമിനാണ്. മൂക്കടപ്പ് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡീ കോണ്‍ജസ്റ്റന്റാണ് ഫെനൈല്‍ഫ്രൈൻ ഹൈഡ്രോക്ലോറൈഡ്.
എഫ്.ഡി.സി മരുന്നുകള്‍ക്കെതിരായ കേന്ദ്രത്തിന്റെ നിയന്ത്രണനടപടികളുടെ തുടർച്ച കൂടിയാണ് തീരുമാനം. ഈ വർഷം ജൂണിലും 16 എഫ്.ഡി.സി മരുന്നുകള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
