ഫിഫ ലോകകപ്പ് 2026 : മെക്സിക്കോയ്ക്കും ദക്ഷിണ കൊറിയയ്ക്കും വിജയത്തുടക്കം; ആദ്യ മത്സരങ്ങളില്‍ ആവേശം
മെക്സിക്കോ സിറ്റി : 2026-ലെ ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ആതിഥേയരായ മെക്സിക്കോ വിജയത്തോടെ തുടങ്ങിയപ്പോള്‍, ചെക്കിയക്കെതിരായ പോരാട്ടത്തില്‍ ദക്ഷിണ കൊറിയ മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി (South Korea vs Czechia World Cup). മെക്സിക്കോ സിറ്റിയിലും ഗ്വാഡലജാരയിലുമായി നടന്ന മത്സരങ്ങള്‍ ലോകകപ്പിന്റെ ആവേശത്തിന് തുടക്കം കുറിച്ചു.
മെക്സിക്കോ vs ദക്ഷിണാഫ്രിക്ക: ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കോ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ജൂലിയൻ ക്വിനോണസ്, റൗള്‍ ജിമെനെസ് എന്നിവരാണ് മെക്സിക്കോയ്ക്കായി വലകുലുക്കിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ അച്ചടക്കനടപടികള്‍ കൂടുതലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങള്‍ക്കും മെക്സിക്കോയുടെ ഒരു താരത്തിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ മത്സരം അത്യന്തം സംഘർഷഭരിതമായി.
ദക്ഷിണ കൊറിയ vs ചെക്കിയ: ഗ്വാഡലജാരയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ചെക്കിയക്കെതിരെ ദക്ഷിണ കൊറിയ 2-1 എന്ന സ്കോറിനാണ് ജയിച്ചു കയറിയത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ലാദിസ്ലാവ് ക്രെയ്സിയുടെ ഹെഡർ ഗോളിലൂടെ ചെക്കിയ മുന്നിലെത്തിയെങ്കിലും, കൊറിയൻ താരങ്ങള്‍ തളർന്നില്ല. 67-ാം മിനിറ്റില്‍ ഹ്വാങ് ഇൻ-ബിയോം നേടിയ ഗോളിലൂടെ ഒപ്പമെത്തിയ കൊറിയ, 80-ാം മിനിറ്റില്‍ ഓ ഹ്യോണ്‍-ഗ്യുവിലൂടെ വിജയഗോള്‍ നേടി. ഹ്വാങ് ഇൻ-ബിയോമിന്റെ മിന്നും പ്രകടനമാണ് കൊറിയയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.ഈ വർഷത്തെ ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കുന്ന 104 മത്സരങ്ങളാണ് നടക്കുന്നത്. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് 32 ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്. ആതിഥേയരായ മെക്സിക്കോയുടെയും ദക്ഷിണ കൊറിയയുടെയും വിജയങ്ങള്‍ ടൂർണമെന്റില്‍ ഇനി വരാനിരിക്കുന്ന വാശിയേറിയ മത്സരങ്ങളുടെ സൂചനയാണ് നല്‍കുന്നത്.
