റണ്‍മല തീര്‍ത്ത് ഓറഞ്ച് ആര്‍മി!! അടിതെറ്റി വീണ് ആര്‍സിബി, 55 റൺസിൻ്റെ വന്‍ തോല്‍വി
ഹൈദരാബാദ് : ഐപിഎല്‍ പ്ലേഓഫില്‍ ഇത്തവണ ഏറ്റവുമധികം ഭയക്കേണ്ടതു തങ്ങളെയാണെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാാദ്. നിലവില ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 55 റണ്‍സിനു കെട്ടുകട്ടിച്ചാണ് അവസാന ലീഗ് മല്‍സരത്തില്‍ ഓറഞ്ച് ആര്‍മി കരുത്തുകാട്ടിയത്.
എങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തക്കു കയറാന്‍ എസ്‌ആര്‍എച്ചിനായില്ല. ക്വാളിഫയര്‍ രണ്ടിലാണ് അവര്‍ കളിക്കുക. ആദ്യ ക്വാളിഫയറില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ആര്‍സിബിയും ജിടിയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ നാലാമത് ഫിനിഷ് ചെയ്യുന്നവരാവും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന്റെ എതിരാളികള്‍.
ആദ്യം ബാറ്റിങിനിറങ്ങിയ എസ്‌ആര്‍എച്ച് റണ്‍മല പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ആര്‍സിബി ബാക്ക്ഫൂട്ടിലായിരുന്നു. കാരണം 256 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് അവര്‍ക്ക് ആതിഥേയര്‍ നല്‍കിയത്.
ഓപ്പണറായെത്തിയ വെങ്കടേഷ് അയ്യര്‍ (19 ബോളില്‍ 44) സ്‌ഫോടനത്മക തുടക്കം ആര്‍സിബിക്കു നല്‍കിയെങ്കിലും ചേസില്‍ അവര്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണ് എസ്‌ആര്‍ആച്ച് ബൗളിങിനു മേല്‍ വെങ്കടേഷ് കത്തിക്കയറിയത്. 11 പന്തില്‍ 15 റണ്‍സാണ് കോഹ്ലിക്ക് നേടാനായത്. രണ്ട് ബൗണ്ടറികള്‍ നേടിയ കോഹ്ലിയെ യുവതാരം സാക്കിബ് ഹുസെെനാണ് പുറത്താക്കിയത്.
56 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിധാറാണ് ആര്‍സിബി ടോപ്‌സ്‌കോറര്‍. 39 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സും ഇതിലുള്‍പ്പെട്ടിരുന്നു. ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ 44 റണ്‍സുമെടുത്തു. ഇതോടെ നാലു വിക്കറ്റിന് 200ല്‍ ആര്‍സിബി മല്‍സരവും അടിയറവച്ചു.
വെടിക്കെട്ടൊരുക്കി എസ്‌ആര്‍എച്ച്
സ്വന്തം തട്ടകത്തില്‍ കാണികള്‍ക്കു അക്ഷരാര്‍ഥത്തില്‍ ബാറ്റിങ് വിരുന്ന് തന്നെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം നല്‍കിയത്. വെറും നാലു വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 255 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ മൂന്നു പേരുടെ ഫിഫ്റ്റി പ്ലസ് സകോറുകളാണ്.
ഓറഞ്ച് ആര്‍മിയുടെ ഇന്നിങ്‌സിലെ അമരക്കാരനായി മാറയിത് ഇഷാന്‍ കിഷനാണ്. 46 ബോളില്‍ 76 റണ്‍സ് വാരിക്കൂട്ടിയാണ് ഇന്നിങ്‌സിലെ അവസാനത്തെ ബോളില്‍ അദ്ദേഹം ക്രീസ് വിട്ടത്. അഭിഷേക് ശര്‍മ (56) ഒരിക്കല്‍ക്കൂടി ഇടിവെട്ട് ഇന്നിങ്‌സ് കാഴ്ച വച്ചപ്പോള്‍ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് ഹെന്‍ട്രിച്ച് ക്ലാസെനും (51) മോശമാക്കിയില്ല.
അഭിഷേക് 22 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറും പറത്തി. ക്ലാസനാവട്ടെ 24 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറും പായിക്കുകയും ചെയ്തു. നിതീഷ് കുമാര്‍ റെഡ്ഡി (12 ബോളില്‍ 29*), ട്രാവിസ് ഹെഡ് (16 ബോളില്‍ 26) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ഓപ്പണിങ് വിക്കറ്റില്‍ ഹെഡ്- അഭിഷേക് ജോടി നാലോവറില്‍ 45 റണ്‍സെടുത്തിരുന്നു. അടുത്ത വിക്കറ്റില്‍ അഭിഷേക്- ഇഷാന്‍ ജോടി 26 ബോളില്‍ 52 റണ്‍സും ചേര്‍ത്തു. പക്ഷെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ആര്‍സിബിയുടെ കഥ കഴിച്ചത്. ഇഷാനും ക്ലാസെനും ചേര്‍ന്ന് 48 ബോളില്‍ വാരിക്കൂട്ടിയത് 113 റണ്‍സാണ്. ഇതോടെ ടീം ടോട്ടല്‍ 200ഉം കടന്നു.
ഹോംഗ്രൗണ്ടില്‍ ടോസ് ലഭിച്ച എസ്‌ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മാച്ചിലെ അതേ ടീമിനെ തന്നെ എസ്‌ആര്‍എച്ച് നിലനിര്‍ത്തി. മറുഭാഗത്ത് ആര്‍സിബിയില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കു കാരണം അവസാന മാച്ച് നഷ്ടമായ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ തിരിച്ചെത്തി. ജേക്കബ് ബെതലാണ് പുറത്തായത്.
ഈ സീസണില്‍ ആര്‍സിബിയും എസ്‌ആര്‍എച്ചും ശക്തി പരീക്ഷിച്ച രണ്ടാമത്തെ മാച്ച് കൂടിയാണിത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തിരുന്നു. അന്നു ആറു വിക്കറ്റിന്റെ മിനുന്ന വിജയം ആര്‍സിബി സ്വന്തമാക്കുകയും ചെയ്തു.
പ്ലെയിങ് 11
സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിിച്ച് ക്ലാസെന്‍, സലില്‍ അറോറ, സ്മരണ്‍ രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാഖിബ് ഹുസൈന്‍
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- വിരാട് കോ്ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ക്രുനല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍.
