April 12, 2026

എല്‍ഡിഎഫിന് ഭണത്തുടര്‍ച്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : 74-75 സീറ്റുകള്‍ ലഭിക്കും

Share

 

സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടനുസരിച്ച്‌ എല്‍ഡിഎഫിന് 74 മുതല്‍ 75 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. ഇതില്‍ 67 സീറ്റുകള്‍ എല്‍ഡിഎഫിനും 45 സീറ്റുകള്‍ യുഡിഎഫിനും ഉറപ്പാണെന്നും, ബിജെപിക്ക് മഞ്ചേശ്വരം, പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളില്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

സംസ്ഥാനത്തെ 24 മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ 12 സീറ്റുകള്‍ എല്‍ഡിഎഫിനും 10 എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും അനുകൂലമാണെന്നാണ് വിലയിരുത്തല്‍. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കടുത്ത മത്സരം നേരിടുന്നുണ്ടെന്നും, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിജയിക്കുമെങ്കിലും ഭൂരിപക്ഷം രണ്ടായിരത്തില്‍ താഴെയായിരിക്കുമെന്നും പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ ലീഡ് ആയിരത്തില്‍ താഴെയായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ നിന്നാണ് എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക. കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ എട്ട് വീതം സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചേക്കാം. അതേസമയം, കണ്ണൂരിലെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

എന്നാല്‍ 100 സീറ്റിലധികം നേടി അധികാരത്തില്‍ എത്തുമെന്നാണ് യുഡിഎഫ് നേതാക്കളായ വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ അവകാശപ്പെടുന്നത്. യുഡിഎഫ് 85 സീറ്റിലധികം നേടി അധികാരം പിടിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ഇതിനിടെയാണ് ഭരണത്തുടര്‍ച്ച പ്രവചിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.