April 12, 2026

ടോള്‍ പ്ലാസകളില്‍ ഇനി ‘ക്യാഷ് ‘ ഇല്ല ; നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍, ഡിജിറ്റല്‍ ഇടപാടുകള്‍ നിര്‍ബന്ധം

Share

 

ഡല്‍ഹി : രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോള്‍ നല്‍കാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റല്‍ ടോള്‍ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ പണമിടപാടുകള്‍ പൂർണ്ണമായും നിർത്തലാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

 

പുതിയ നിയമപ്രകാരം എല്ലാ ടോള്‍ ഇടപാടുകളും ഡിജിറ്റല്‍ മാർഗങ്ങളിലൂടെ മാത്രമേ നടത്താൻ സാധിക്കൂ. പ്രധാനമായും ഫാസ്ടാഗ് വഴിയായിരിക്കണം പണമടയ്‌ക്കേണ്ടത്. ഫാസ്ടാഗ് ഇല്ലാത്തവർക്ക് യുപിഐ വഴിയോ മറ്റ് ഡിജിറ്റല്‍ മോഡുകള്‍ വഴിയോ പണമടയ്ക്കാം. എന്നാല്‍,സാധാരണ ടോള്‍ നിരക്കിന്റെ 1.25 മടങ്ങ് തുക ഇവർ നല്‍കേണ്ടി വരും.

 

ഡിജിറ്റലായി പണമടയ്ക്കുന്നതില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ടോള്‍ പാതയില്‍ നിന്ന് നീക്കം ചെയ്യാനോ പ്രവേശനം നിഷേധിക്കാനോ അധികൃതർക്ക് അധികാരമുണ്ടാകും. വ്യക്തികള്‍ക്കല്ല, മറിച്ച്‌ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അംഗീകൃത വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി ഇളവ്. ഇതിനായി പ്രത്യേക ‘എക്‌സംപ്റ്റഡ് ഫാസ്റ്റ്ടാഗ്’ നിർബന്ധമായും വാങ്ങിയിരിക്കണം. തിരിച്ചറിയല്‍ രേഖകള്‍ നേരിട്ട് പരിശോധിച്ച്‌ സമയം കളയുന്ന രീതി ഇതോടെ അവസാനിക്കും.

 

ദേശീയപാതകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവർക്കായി വാർഷിക പാസുകളും അവതരിപ്പിച്ചിട്ടുണ്ട്. വർഷത്തേക്ക് 3,075 രൂപയാണ് പാസ് നിരക്ക്. സ്വകാര്യ കാറുകള്‍ക്ക് ഒരു വർഷത്തിനുള്ളില്‍ 200 തവണ വരെ ടോള്‍ പ്ലാസകള്‍ കടന്നുപോകാൻ ഈ പാസ് ഉപയോഗിക്കാം. സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർക്ക് ഇത് ഏറെ ലാഭകരമാണ്.


Share
Copyright © All rights reserved. | Newsphere by AF themes.