സിപിഎം അവഗണിച്ചു : പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി ; പാണക്കാടെത്തി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു
മലപ്പുറം : കൊടുവള്ളി മുൻ എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍ മടങ്ങിയെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയില്‍ ഇത്തവണയും മത്സരിക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കാരാട്ട് റസാഖ് ഉണ്ടായിരുന്നത്. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ചയുണ്ടായെങ്കിലും പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഇനിനിടെയാണ് ലീഗിലേക്കുള്ള മടക്കം.
പികെ ഫിറോസ്, എംകെ മുനീർ എന്നിവർക്ക് ഒപ്പമാണ് ഇന്ന് രാവിലെ കാരാട്ട് റസാഖ് പാണക്കാട് എത്തിയത്. ഇന്ന് വൈകിട്ട് കൊടുവള്ളി മണ്ഡലം യുഡിഎഫ് കണ്‍വെൻഷനില്‍ പങ്കെടുക്കുമെന്ന് കാരാട്ട് റസാഖ് അറിയിച്ചു. തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് റസാഖിനെ ലീഗ് നേതൃത്വം ചർച്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കാരാട്ട് റസാഖിനെ മടക്കിക്കൊണ്ടുവരാൻ സാധിച്ചത് മുസ്ലിം ലീഗിന് നേട്ടമാകും.
സിപിഎം സഹയാത്രികനായ തനിക്ക് അവഗണനയാണ് ലഭിച്ചതെന്ന് കാരാട്ട് റസാഖ് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് ലഭിച്ചത് കടുത്ത അവഗണനയായിരുന്നു. സിപിഎം ചേർത്ത് പിടിക്കാനുള്ള സാഹചര്യങ്ങള്‍ നിലവില്‍ മാറി. ഇടതുപക്ഷത്തിൻ്റെ മന്ത്രിമാർക്കും എംഎല്‍എമാർക്കും മുൻ മന്ത്രിമാർക്കും പോലും നിലനില്‍പ്പില്ല. ഈ സാഹചര്യത്തില്‍ സഹയാത്രികള്‍ക്ക് അത് തീരെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അവഗണനയാണ് പലപ്പോഴും ലഭിച്ചതെന്നും റസാഖ് പ്രതികരിച്ചു.
ലീഗ് വിട്ട റസാഖ് 2016ല്‍ കൊടുവള്ളിയില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ 2021ല്‍ തോല്‍വിക്ക് ശേഷം സിപിഎം അവഗണിക്കുന്നുവെന്ന പരാതി കാരാട്ട് റസാഖിനുണ്ടായിരുന്നു. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ച ശക്തമായി. ഇതിനിടെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിക്കുകയും ചെയ്തു.
സിപിഎമ്മിനെതിരെയും മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും റസാഖ് രംഗത്തുവന്നിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും എല്‍ഡിഎഫ് നേതൃത്വത്തിന് താൻ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കില്‍ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മന്ത്രിയെന്ന നിലയില്‍ പിഎ മുഹമ്മദ് റിയാസിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണനയാണ് ഉണ്ടായതെന്നും റസാഖ് ആരോപിച്ചിരുന്നു.
