March 22, 2026

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കും : ഇറാന് ട്രംപിന്റെ അന്ത്യശാസനം!

Share

 

വാഷിങ്ടണ്‍ : 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം.

 

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കും. ഏറ്റവും വലിയ ഊര്‍ജകേന്ദ്രത്തില്‍ നിന്ന് തന്നെ ആക്രമണം തുടങ്ങുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

 

നേരത്തെ ഇറാന് എണ്ണ വില്‍ക്കുന്നതിന് താല്‍ക്കാലിക ഇളവ് ട്രംപ് അനുവദിച്ചിരുന്നു. കടലില്‍ കപ്പലുകളിലുള്ള എണ്ണ വില്‍ക്കുന്നതിനാണ് ഇളവ് അനുവദിച്ചത്. ഇറാനെതിരായ യുദ്ധത്തില്‍ യു.എസ് വിജയം കൈവരിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ യു.എസിന് വിജയം നേടാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, ഇറാനുമായുള്ള യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും പോരാട്ടം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പ്രസിഡന്റിന്റെ പ്രസ്താവനകള്‍ പുറത്തുവരുമ്പോഴും ഹോര്‍മുസ് കടലിടുക്ക് വീണ്ടെടുക്കാനായി ഇറാനിയന്‍ ഡ്രോണുകള്‍ക്കും നാവിക കപ്പലുകള്‍ക്കും നേരെ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കുകയാണ്.

 

‘നമ്മള്‍ വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ (ഇറാന്‍) ഇപ്പോള്‍ ചെയ്യുന്നത് കടലിടുക്കില്‍ തടസങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ്,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ താന്‍ തയ്യാറല്ലെന്നും എതിരാളികളെ തകര്‍ത്തു കൊണ്ടിരിക്കുന്ന സമയത്ത് അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണം അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു.

 

ആഗോള വിപണിയില്‍ ആശങ്ക; എണ്ണവില 112 ഡോളറില്‍

 

യുദ്ധം ആരംഭിച്ചതിന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 112 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ ഒമ്പത് രാജ്യങ്ങളിലായി 37 എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും വാതക പാടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തിലെ മിന അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഡ്രോണ്‍ ആക്രമണമുണ്ടായി.


Share
Copyright © All rights reserved. | Newsphere by AF themes.