രാജ്യസഭ തിരഞ്ഞെടുപ്പ് : പ്രതിപക്ഷ എംഎല്‍എമാരുടെ ക്രോസ് വോട്ടിങ് ; ബിജെപിക്ക് അധികം കിട്ടിയത് രണ്ട് സീറ്റ്
ഡല്‍ഹി : രാജ്യസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ക്രോസ് വോട്ടിങ് ചെയ്തതോടെ ബിജെപിക്ക് അധികമായി കിട്ടിയത് രണ്ട് സീറ്റ്.11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ അഞ്ച് സീറ്റിലേക്കും ഒഡീഷയില്‍ നാല് സീറ്റിലേക്കും ഹരിയാനയില്‍ രണ്ട് സീറ്റിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്.
പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടുനിന്നതും ചിലര്‍ കളം മാറിയതും മൂലം ബപിക്ക് രണ്ട് സീറ്റുകള്‍ അധികമായി നേടാനായി. ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളിലായാണ് രണ്ട് സീറ്റുകള്‍ ബിജെപിക്ക് അധികം കിട്ടിയത്.
കുതിരക്കച്ചവടമാണ് ബിജെപി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചില എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ ഇതുവരെ ഫലം ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. തിരഞ്ഞെടുപ്പിന്റെ സുതാര്യത സംബന്ധിച്ച് ഇരുപക്ഷവും ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഹരിയാനയില്‍ വോട്ടെണ്ണല്‍ വൈകിയത്.
10 സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍, 26 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒടുവില്‍ 11 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
