March 5, 2026

കൂറ്റൻ സ്കോറിന് മുൻപിൽ പൊരുതി വീണ് ഇംഗ്ലണ്ട് : 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫെെനലിൽ

Share

 

ടി20 ലോകകപ്പ് 2026ല്‍ ഇന്ത്യ-ന്യൂസീലൻഡ് ഫെെനല്‍. മുംബെെയില്‍ നടന്ന രണ്ടാം സെമി ഫെെനലില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് ഫെെനല്‍ യോഗ്യത നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 253 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് 246 റണ്‍സാണ് നേടാനായത്. അവസാനംവരെ ഇംഗ്ലണ്ട് പൊരുതിയെങ്കിലും ഭാഗ്യം തുണച്ചില്ല. ജേക്കബ് ബദല്‍ (105) സെഞ്ചുറിയോടെ ഇംഗ്ലണ്ടിനായി പൊരുതി.

 

ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനാണ് ഇറങ്ങിയത്. അഭിഷേക് ശർമ-സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുകെട്ടിന് മികച്ച തുടക്കം നല്‍കാനായില്ല. സ്കോർബോർഡില്‍‌ 20 റണ്‍സ് ഉള്ളപ്പോള്‍ അഭിഷേക് ശർമ മടങ്ങി. 7 പന്തില്‍ 9 റണ്‍സാണ് അഭിഷേകിന് നേടാനായത്. രണ്ട് ഫോറടക്കം നേടിയ അഭിഷേകിനെ വില്‍ ജാക്സാണ് പുറത്താക്കിയത്. അഭിഷേക് മടങ്ങിയ ശേഷം സഞ്ജു സാംസണ്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു.

 

ഇഷാൻ കിഷനും താളം കണ്ടെത്തിയതോടെ സ്കോർ‌ അതിവേഗം ഉയർന്നു. ഇഷാൻ കിഷൻ 18 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങി. നാല് ഫോറും 2 സിക്സും നേടിയ ഇഷാനെ ആദില്‍‌ റഷീദാണ് പുറത്താക്കിയത്. സഞ്ജു സാംസണ്‍ അതിവേഗം റണ്‍സുയർത്തി. മോശം പന്തുകളെ തിരഞ്ഞു പിടിച്ച്‌ ആക്രമിച്ച്‌ സഞ്ജു 42 പന്തില്‍ 89 റണ്‍സാണ് നേടിയത്.

 

8 ഫോറും 7 സിക്സും ഉള്‍പ്പെടെയാണ് സഞ്ജു കത്തിക്കയറിയത്. 211.90 ആണ് സഞ്ജുവിന്റെ സ്ട്രെെക്ക് റേറ്റ്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് വലിയ സ്കോർ നേടാനായില്ല. 6 പന്തില്‍ 11 റണ്‍സാണ് സൂര്യക്ക് നേടാനായത്. ഒരു സിക്സാണ് സൂര്യ നേടിയത്. ശിവം ദുബെ നിർണ്ണായക പ്രകടനമാണ് പുറത്തെടുത്തത്. 25 പന്തില്‍ 43 റണ്‍സാണ് ദുബെ നേടിയത്. 1 ഫോറും 4 സിക്സും നേടിയ ദുബെ റണ്ണൗട്ടാവുകയായിരുന്നു.

 

ഹാർദിക് പാണ്ഡ്യ 12 പന്തില്‍ 27 റണ്‍സാണ് നേടിയത്. 3 ഫോറും 2 സിക്സുമാണ് ഹാർദിക് നേടിയത്. അവസാന ഓവറില്‍ ഹാർദിക് റണ്ണൗട്ടായി. തിലക് വർമ 7 പന്തില്‍ 3 സിക്സും ഉള്‍പ്പെടെ 21 റണ്‍സ് നേടി. അക്ഷർ പട്ടേല്‍ രണ്ട് പന്തില്‍ 2 റണ്‍സോടെ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി വില്‍ ജാക്സ്, ആദില്‍ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്രാ ആർച്ചർ ഒരു വിക്കറ്റും നേടി. ഇന്ത്യ ഏഴ് വിക്കറ്റിന് 253 റണ്‍സാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് സെമിയിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇന്ത്യ പടുത്തുയർത്തിയത്.

 

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. ഫില്‍‌ സാള്‍ട്ട് (3 പന്തില്‍ 5) തുടക്കത്തിലേ മടങ്ങി. ഒരു ഫോർ നേടിയ സാള്‍ട്ടിനെ ഹാർദിക് പാണ്ഡ്യ മടക്കി. മിന്നും ഫോമിലുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ ജസ്പ്രീത് ബുംറ മടക്കി. 6 പന്തില്‍ 7 റണ്‍സെടുത്താണ് ബ്രൂക്ക് പുറത്തായത്. ജോസ് ബട്ലറിനും വലിയ സ്കോർ‌ നേടാനായില്ല. 17 പന്തില്‍ 4 ഫോറും 1 സിക്സുമടക്കം 25 റണ്‍സെടുത്താണ് ബട്ലർ പുറത്തായത്. വരുണ്‍‌ ചക്രവർത്തിക്കാണ് വിക്കറ്റ്.

 

 

 

തുർന്ന് ടോം ബാന്റൻ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. 5 പന്തില്‍ 1 ഫോറും 2 സിക്സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത ബാന്റനെ അക്ഷർ പട്ടേല്‍ ക്ലീൻബൗള്‍ഡ് ചെയ്തു. വില്‍ ജാക്സ് ജേക്കബ് ബദല്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 20 പന്തില്‍ 4 ഫോറും 2 സിക്സും ഉള്‍പ്പെടെ 35 റണ്‍സെടുത്ത വില്‍ ജാക്സിനെ അർഷ്ദീപ് സിങ് പുറത്താക്കി. അക്ഷർ പട്ടേലിന്റെ തകർപ്പൻ ഫീല്‍ഡിങ്ങിനൊപ്പം ശിവം ദുബെയും ചേർന്നപ്പോള്‍ വിക്കറ്റായി മാറുകയായിരുന്നു.

 

18ാം ഓവർ എറിയാനെത്തിയ ബുംറ 6 റണ്‍സ് മാത്രം വഴങ്ങിയത് വളരെ നിർണ്ണായകമായി. 14 പന്തില്‍ 18 റണ്‍സെടുത്ത സാം കറനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. ഇതോടെ അവസാന 6 പന്തില്‍ 30 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. സെഞ്ചുറിയോടെ ജേക്കബ് ബദല്‍ വിറപ്പിച്ചെങ്കിലും അവസാന ഓവറില്‍ റണ്ണൗട്ടായി. 48 പന്തില്‍ 8 ഫോറും 7 സിക്സും ഉള്‍പ്പെടെ 105 റണ്‍‌സെടുത്താണ് ബദല്‍ മടങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ഫീല്‍ഡിങ്ങാണ് ബദലിനെ മടക്കിയത്.

 

ജോഫ്രാ ആർച്ചർ 4 പന്തില്‍ പുറത്താവാതെ 19 റണ്‍സെടുത്തെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും അർഷ്ദീപ്, ബുംറ, വരുണ്‍, അക്ഷർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം വിജയത്തില്‍ നിർണ്ണായകമായി മാറി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.