February 23, 2026

ഇന്ത്യയുടെ ദയനീയ തോല്‍വി സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ക്കും തിരിച്ചടി ; ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര; സാധ്യതകള്‍ ഇങ്ങനെ

Share

 

20 ലോകകപ്പിലെ അതിനിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 76 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 187 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 111 റണ്‍സില്‍ അവസാനിച്ചു. സ്ലോ ബോളുകളും സ്പിന്നും കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുന്നില്‍ കെണിവെച്ചപ്പോള്‍ ഒന്നിന് പുറകെ ഒന്നായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂടാരം കയറുകയായിരുന്നു.

തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിട്ടും പിന്നീട് ഒത്തുചേര്‍ന്ന ഡെവാള്‍ഡ് ബ്രെവിസ്- ഡേവിഡ് മില്ലര്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ വലിയ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയത്. ജസ്പ്രീത് ബുമ്ര 3 വിക്കറ്റുമായി തിളങ്ങിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ബൗളിങ്ങില്‍ പരാജയമായി. അവസാന ഓവറുകളില്‍ ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് കൂടി ആഞ്ഞടിച്ചതോടെയാണ് 187 റണ്‍സെന്ന മികച്ച സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്കയെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റര്‍മാര്‍ ഘോഷയാത്ര പോലെയാണ് പവലിയനിലേക്ക് തിരിച്ചത്. മാര്‍ക്കോ യാന്‍സന്‍ നാലും കേശവ് മഹാരാജ് 3 വിക്കറ്റും സ്വന്തമാക്കി. 76 റണ്‍സിന്റെ വമ്പന്‍ പരാജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഏറെ പിന്നിലായി. സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ വരാനിരിക്കുന്ന 2 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.

 

സിംബാബ്വെ, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചാല്‍ 4 പോയിന്റ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കാകും. എന്നാല്‍ ആദ്യ മത്സരം തോറ്റതോടെ മറ്റ് ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിധി നിര്‍ണയിച്ചേക്കും. ദക്ഷിണാഫ്രിക്ക തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരെണ്ണം തോല്‍ക്കുകയും വിന്‍ഡീസ്- സിംബാബ്വെ മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ 3 ടീമുകള്‍ക്ക് 4 പോയന്റെന്ന നിലയാകും.അങ്ങനെയെങ്കില്‍ നെറ്റ് റണ്‍റേറ്റാകും നിര്‍ണായകമാവുക.

 

ഇനി ഇന്ത്യ വിജയിക്കുന്നത് ഒരു മത്സരത്തില്‍ മാത്രമാണെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരത്തിലും ദക്ഷിണാഫ്രിക്ക വിജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായി വരും. കൂടാതെ വെസ്റ്റിന്‍ഡീസ്- സിംബാബ്വെ മത്സരത്തിലെ വിജയിയെ ഇന്ത്യ പരാജയപ്പെടുത്തുകയും വേണം. അങ്ങനെയെങ്കില്‍ 3 ടീമുകള്‍ക്ക് 2 പോയന്റ് വീതമാകും. നെറ്റ് റണ്‍റേറ്റാകും അപ്പോഴും നിര്‍ണായകമാവുക.


Share
Copyright © All rights reserved. | Newsphere by AF themes.