February 1, 2026

രാജ്യത്ത് വാണിജ്യ എല്‍പിജി വില കൂട്ടി ; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

Share

 

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജനങ്ങള്‍ക്ക് ഇരുട്ടടി. രാജ്യത്തെ പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു.

 

19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്‍റെ പഴയ വിലയായ 1698 രൂപയില്‍ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വിലയിലെ വർദ്ധനവ് ഈ മേഖലകള്‍ക്ക് തിരിച്ചടിയാണ്.

 

വില വർധന തുടർന്നാല്‍ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂടാനും, ചെറിയ ഭക്ഷ്യ സംരംഭങ്ങള്‍ അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 2025 ഏപ്രില്‍ 8-നാണ് അവസാനമായി ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടായത്.

 

നഗരത്തിലെ പുതിയ വില

 

ഇന്ത്യൻ ഓയിലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ഫെബ്രുവരി 1 മുതല്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,740.50 രൂപയായിരിക്കും. മുംബൈയില്‍ പുതുക്കിയ വില 1,692 രൂപയാണ്. കൊല്‍ക്കത്തയില്‍ വില 1,844.50 രൂപയായി ഉയർന്നപ്പോള്‍, ചെന്നൈയില്‍ ഇപ്പോള്‍ 1,899.50 രൂപയായി. കേരളത്തില്‍ എറണാകുളത്ത് 1747 രൂപയാണ് വില.

 

 

രാജ്യത്തെ എണ്ണ വിപണന കമ്പനികള്‍ എല്ലാ മാസവും ആദ്യ ദിവസം എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കുന്നു. 2026 ജനുവരിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപ വർദ്ധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളില്‍ വില കുറഞ്ഞിരുന്നു. ഒക്ടോബറിന് മുമ്പ്, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില തുടർച്ചയായി ആറ് മാസത്തേക്ക് കുറഞ്ഞിരുന്നു.

 

അതേസമയം, കഴിഞ്ഞാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണവില ഉയർന്നിട്ടുണ്ട്. അഞ്ച് ശതമാനം വില വർധനവാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. 68.53 ഡോളറായാണ് വില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.1 ശതമാനം ഉയർന്നു. 64.33 ഡോളറായാണ് വില ഉയർന്നത്. മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്ത സംഘർഷ സാഹചര്യമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.