സ്ത്രീകള്‍ക്ക് മാത്രമായി കെഎസ്‌ആര്‍ടിസിയുടെ പിങ്ക് ബസ് വരുന്നു ; ജീവനക്കാരും സ്ത്രീകളെന്ന് ഗണേഷ് കുമാര്‍
സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസ് ഉടൻ കേരളത്തില്‍ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്ത്രീകള്‍ തന്നെയാവും ഈ ബസിലെ ജീവനക്കാരെന്നും മന്ത്രി പറഞ്ഞു. ഇതിനോടനുബന്ധിച്ച് പിങ്ക് ടാക്‌സി എന്നൊരു ആശയവുമുണ്ട്. ബസ് ഇറങ്ങുന്ന സ്ത്രീകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനായി ഷെയർ ടാക്‌സി രീതിയിലാവും വണ്ടി ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
പിങ്ക് ബസിനായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിർദേശം സമർപ്പിക്കും. അതു ലഭ്യമായ ഉടനെ കേരളത്തിൻ്റെ നിരത്തില്‍ പിങ്ക് ബസ് ഓടുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനിടെയാണ് പിങ്ക് ബസും കെഎസ്‌ആർടിസി അവതരിപ്പിക്കുന്നത്.
യാത്രക്കാർക്ക് PNR നമ്ബർ ഉപയോഗിച്ച് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്ന സംവിധാനം അടുത്തിടെ ഏർപ്പെടുത്തിയിരുന്നു. റെയില്‍ റോള്‍സ് എന്ന സ്റ്റാർട്ട് അപ്പുമായാണ് കെഎസ്‌ആർടിസി പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കിടയില്‍ എളുപ്പം കഴിക്കാവുന്ന ഫുഡ് റാപ്പുകള്‍, 10 ബസ് സ്റ്റേഷനുകളില്‍ ആണ് റെയില്‍ റോള്‍സിൻ്റെ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങള്‍ കൃത്യമായി മാനേജ് ചെയ്യുന്ന രീതിയിലാണ് റെയില്‍ റോള്‍സ് ഫുഡ് റാപ്പുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്യുന്നതും വേസ്റ്റ് ഡിസ്പോസ് ചെയ്യുന്നതും എങ്ങനെയെന്ന് ബസിനുള്ളിലെ ടിവിയിലൂടെ കാണിക്കും. ഈ വേസ്റ്റ് കമ്ബനി തന്നെ നീക്കം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ ഫുഡ് റാപ്പുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിൻ്റെ ഡെമോ മന്ത്രി കഴിഞ്ഞദിവം അവതരിപ്പിച്ചിരുന്നു.
ആലപ്പുഴയുടെ ജലഗതാഗതത്തിൻ്റെ മുഖം മാറ്റുന്ന കുട്ടനാടൻ സഫാരിയും മന്ത്രി പ്രഖ്യാപിച്ചു. ജലഗതാഗതത്തിനെയും ആലപ്പുഴയുടെ ടൂറിസത്തെയും കോർത്തിണക്കിക്കൊണ്ടാണ് പദ്ധതി വരിക. ആലപ്പുഴയില്‍നിന്ന് ബോട്ടില്‍ കയറുന്നയാള്‍ക്ക് നാടിൻ്റെ സംസ്‌കാരവും കലയും പൈതൃകവും പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യാത്രയില്‍, കയറുപിരിക്കുന്നതും ഓലമെടയുന്നതും കളിപ്പാട്ടങ്ങള്‍ നിർമിക്കുന്നതും പഠിക്കാനും ആസ്വദിക്കാനും കഴിയും. ആലപ്പുഴയുടെ കള്ളും തനതു ഭക്ഷണവും നല്‍കും. പാതിരാമണലില്‍ അവസാനിക്കുന്ന യാത്രയില്‍ കലാപ്രകടനങ്ങളും ഉണ്ടാവും.
കെഎസ്‌ആർടിസിയെ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പരിഷ്‌കരണങ്ങള്‍ക്കായി 12 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
