January 21, 2026

മേപ്പാടി ഉരുള്‍പൊട്ടല്‍ : പ്രത്യേക വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നല്‍കി മന്ത്രിസഭ

Share

 

മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തിലും 2024 ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാർഗങ്ങള്‍ പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പ പദ്ധതി നടപ്പിലാക്കുക.

 

8.57 കോടി രൂപയുടെ വായ്പ പദ്ധതി അംഗീകരിച്ച്‌ വായ്പയ്ക്ക് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടർ മുഖേന കുടുംബശ്രീ മിഷന് അനുവദിക്കും.

 

 

പദ്ധതിക്ക് വേണ്ടി ഏകദേശ ചിലവായി കണക്കാക്കിയിട്ടുള്ള 20 കോടി രൂപ ഹൈക്കോടതി വിധി പ്രകാരം എസ്‍ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്ത് കണ്ടെത്തും. ഉജ്ജീവന വായ്പ പദ്ധതിയുടെ സർക്കാർ വിഹിതം ബാങ്കുകള്‍ക്ക് നല്‍കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വായ്പ പദ്ധതികളുടെ കാലാവധി 2026 ഡിസംബർ 31 വരെയായിരിക്കും.

 

ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതമായ സൂക്ഷ്മ-ചെറുകിട-ഇടത്തര വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, അംഗീകൃത ഹോം സ്റ്റേകള്‍, ദുരന്ത ബാധിതരായ ക്ഷീര കർഷകർ, കിസാൻ കാർഡ് ഉടമകള്‍, അലങ്കാര പക്ഷി കർഷകർ, തേനീച്ച കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകള്‍, വാണിജ്യ വാഹന ഉടമകള്‍ എന്നിവരുടെ ഉപജീവന മാർഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന് സഹായകരമാകുവാനാണ് ഉജ്ജീവന വായ്പാ പദ്ധതി. ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങള്‍ ആയ ബാങ്കിംഗ്/ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ എന്നിവ മുഖാന്തരം ഉള്ള വായ്പ്പകള്‍ക്കാണ് ഉജ്ജീവന വായ്പ പദ്ധതിയില്‍ സഹായത്തിന് അർഹത.


Share
Copyright © All rights reserved. | Newsphere by AF themes.