March 7, 2026

പ്രവാസികള്‍ക്ക് തലവേദനയായി എസ്‌ഐആറിലെ പുതിയ കുരുക്ക് ; പലര്‍ക്കും അപേക്ഷിക്കാനാകുന്നില്ല

Share

 

പ്രവാസികള്‍ക്ക് തലവേദനയായി എസ്‌ഐആറില്‍ പുതിയ കുരുക്ക്. ഗള്‍ഫിലെത്തിയ ശേഷം പാസ്പോർട്ട് പുതുക്കിയവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റ് സ്വീകരിക്കുന്നില്ല. കൈവശമുള്ള പാസ്പോർട്ട് ഇഷ്യൂ ചെയ്ത തീയതി നല്‍കുമ്പോള്‍, അപേക്ഷകൻ യാത്രാരേഖ ലഭിക്കും മുമ്പ് രാജ്യം വിട്ടു എന്നാണ് വെബ്സൈറ്റ് പറയുന്നത്. ഇതുമൂലം ഫോറം പൂരിപ്പിച്ച്‌ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികളില്‍ പലരും.

 

വർഷങ്ങളായി ഗള്‍ഫില്‍ ജോലിയെടുക്കുന്ന പ്രവാസികള്‍ ഓരോ പത്ത് വർഷം കൂടുമ്പോഴും വിദേശത്ത് വെച്ച്‌ തന്നെ പാസ്പോർട്ട് പുതുക്കും. നിരവധി തവണ വിദേശയാത്ര ചെയ്യുന്നവരാണെങ്കില്‍ പാസ്പോർട്ടിന്റെ പേജ് അവസാനിക്കുന്ന മുറക്കും പലതവണ പാസ്പോർട്ട് പുതുക്കിയിട്ടുണ്ടാകും. എന്നാല്‍ എസ്‌ഐആർ പ്രകാരം വോട്ടിന് അപേക്ഷിക്കുമ്പോള്‍ പുതുക്കിയ പാസ്പോട്ട് ഇഷ്യൂ ചെയ്ത തീയതിയും വിദേശത്തേക്ക് പോയ തീയതിയും പൊരുത്തമില്ലെന്ന് അറിയിച്ച്‌ അപേക്ഷ തടയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വൈബ് സൈറ്റ്.

 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തി അടുത്തിടെ പാസ്പോർട്ട് പുതുക്കിയ പ്രവാസികളെ പാസ്പോർട്ട് കിട്ടും മുമ്പേ വിദേശത്തേക്ക് കടന്നവരായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് കണക്കാക്കുന്നത്. പുതിയ ഡിജിറ്റല്‍ പാസ്പോർട്ടിന്റെ രണ്ട് ആല്‍ഫബെറ്റുള്ള പാസ്പോർട്ട് നമ്പർ ചേർക്കുന്നതിലെ തടസം മീഡിയവണ്‍ വാർത്തയെ തുടർന്ന് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമീഷൻ പരിഹരിച്ചത്. ഫോമുകള്‍ പൂരിപ്പിച്ച്‌ നല്‍കാൻ ഇനി കുറഞ്ഞദിവസം മാത്രമാണ് ബാക്കിയുള്ളത്.


Share
Copyright © All rights reserved. | Newsphere by AF themes.