January 14, 2026

കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ചു : ഭിന്നശേഷി അധ്യാപകര്‍ക്കും ഇനി യോഗ്യത നിര്‍ബന്ധം

Share

 

തിരുവനന്തപുരം : വലിയ പ്രതിഷേധങ്ങള്‍ക്കും തർക്കങ്ങള്‍ക്കും വഴിവെച്ച കെ-ടെറ്റ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു.സർക്കാർ അനുകൂല സംഘടനകള്‍ ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച ആദ്യ ഉത്തരവിലെ വിവാദ ഭാഗങ്ങള്‍ ഇതില്‍ പരാമർശിച്ചിട്ടില്ല.

 

 

 

ഇനി മുതല്‍ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായി മാനദണ്ഡങ്ങളില്‍ മാറ്റം വരുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

 

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കെ-ടെറ്റില്‍ നല്‍കിയിരുന്ന ഇളവ് പുതിയ ഉത്തരവില്‍ പരാമർശിക്കുന്നില്ല. കെ-ടെറ്റ് ഇല്ലെങ്കില്‍ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന ആദ്യ ഉത്തരവിലെ വിവാദ പരാമർശം പുതിയ ഉത്തരവില്‍ നിന്നും നീക്കം ചെയ്തു.

 

കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എല്‍.പി, യു.പി നിയമനങ്ങള്‍ക്ക് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂള്‍ ഭാഷാദ്ധ്യാപകർ വീണ്ടും കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. 40,000-ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും നേരിട്ട് ബാധിക്കുന്നതായിരുന്നു ആദ്യത്തെ ഉത്തരവ്.


Share
Copyright © All rights reserved. | Newsphere by AF themes.