യുവതിയുടെ വയറ്റില്‍ തുണി ; മാനന്തവാടി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ കോണ്‍ഗ്രസ് പ്രതിഷേധം
മാനന്തവാടി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ സംഘർഷം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രസവസമയത്ത് രക്തസ്രാവം തടയാൻ ശരീരത്തിനുള്ളില്‍ വെച്ച കോട്ടണ്‍ തുണി മാറ്റാൻ മറന്നതായാണ് ആരോപണം. പ്രസവം നടന്ന് 75 ദിവസത്തിന് ശേഷം കോട്ടണ്‍ തുണി തനിയെ പുറത്തുവന്നു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21-കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കുടുംബം മന്ത്രി ഒ.ആർ. കേളുവിനും പോലീസിനും പരാതി നല്‍കി.
കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു യുവതിയുടെ പ്രസവം. സാധാരണ പ്രസവമായിരുന്നു. ഒക്ടോബർ 25-ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞതോടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കണ്ടെങ്കിലും വെള്ളം കുടിക്കാത്തതിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പിന്നീട് വീണ്ടും വേദനയുമായി എത്തിയപ്പോഴും സ്കാനിംഗ് ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകള്‍ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
ഡിസംബർ 29-നാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്. രക്തസ്രാവം തടയാൻ വെക്കുന്ന തുണി പ്രസവാനന്തരം നീക്കം ചെയ്യാതിരുന്നതാണ് പ്രശ്നമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടര മാസത്തോളം തുണി ശരീരത്തിനുള്ളില്‍ കിടന്നത് യുവതിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് മറ്റ് അണുബാധകള്‍ ഉണ്ടാകാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
