January 6, 2026

ബാങ്കുകളുടെ പ്രവര്‍ത്തിദിനം ആഴ്ച്ചയില്‍ അഞ്ചായി കുറയ്ക്കണം : രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച്‌ യുഎഫ്ബിയു ; തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

Share

 

ഡല്‍ഹി : ഈ മാസം 27ന് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണമെന്ന ശുപാർശ കേന്ദ്ര സർക്കാർ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

 

പണിമുടക്ക് നടപ്പായാല്‍ തുടർച്ചയായ നാലു ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. റിപ്പബ്ലിക് ദിന അവധി, ശനി, ഞായർ എന്നിവയോടൊപ്പം ചേർന്ന് ജനുവരി 24 മുതല്‍ 27 വരെ നാലുദിവസമാണ് തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ഇതോടെ പൊതുജന ഇടപാടുകള്‍ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ എന്നിവ ഉള്‍പ്പെടെ രാജ്യത്തെ ഒൻപത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. 2023ല്‍ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) പ്രവൃത്തിദിനം അഞ്ചാക്കുന്നതിന് തത്വപരമായ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും, അതിന്മേല്‍ കേന്ദ്ര സർക്കാർ തുടർനടപടികള്‍ സ്വീകരിച്ചിട്ടില്ല.

 

ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്ന് മാർച്ചില്‍ നടത്താനിരുന്ന പണിമുടക്ക് യുഎഫ്ബിയു അവസാന നിമിഷം പിൻവലിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്തതോടെയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

 

ചീഫ് ലേബർ കമ്മിഷണറുടെ (സിഎല്‍സി) നേതൃത്വത്തില്‍ ചേർന്ന യോഗങ്ങളില്‍ വിഷയം ‘സജീവ പരിഗണനയിലാണെന്ന’ മറുപടിയാണ് ധനമന്ത്രാലയം സ്ഥിരമായി നല്‍കിയിരുന്നത്. ജീവനക്കാരുടെ ദീർഘകാല ആവശ്യത്തെ തുടർന്ന് സിഎല്‍സി ഏപ്രിലില്‍ നേരിട്ട് ഇടപെട്ടെങ്കിലും, അതിനുശേഷവും കേന്ദ്ര സർക്കാരില്‍ നിന്ന് വ്യക്തമായ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാർ വീണ്ടും ശക്തമായ സമരത്തിലേക്ക് കടക്കുന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.


Share
Copyright © All rights reserved. | Newsphere by AF themes.