വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില : ഇന്ന് കൂടിയത് 1160 രൂപ
സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പവന് 99,600 രൂപയായിരുന്നു വില. അതില്‍ നിന്നും ഇന്ന് ഒറ്റയടിക്ക് 1,160 രൂപയാണ് വർധിച്ചത്. 1,00,760 രൂപയാണ് ഇന്നത്തെ ഒരു പവന് സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ഗ്രാം സ്വർണത്തിന് 12,595 ആണ് ഇന്ന് വില.
കഴിഞ്ഞ വർഷം അവസാനത്തോടുകൂടി സ്വർണ വില സർവകാല റെക്കോർഡായ ഒരു ലക്ഷം കടന്നിരുന്നു. അതിന് ശേഷം തുടരെയുള്ള വർധനവാണ് സ്വർണ നിരക്കില്‍ കാണാനായത്. ഇത് സ്വർണം വാങ്ങാനാഗ്രഹിക്കുന്നവരെയൊക്കെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു.
അതേസമയം ഈ വർഷത്തിന്റെ ആരംഭത്തില്‍ വില താഴോട്ടേക്കിറങ്ങിയിരുന്നു. ജനുവരി ഒന്നാം തീയതി ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 99,040 ലേക്ക് എത്തിയിരുന്നു സ്വർണവില. ഇന്നലെ വരെ ഈ തരത്തില്‍ ഒരു ലക്ഷത്തിന് താഴെ നിന്ന വിലയാണ് ഇന്നത്തോടെ വീണ്ടും വലിയ വർധനവോടെ തിരിച്ച് കയറിയിരിക്കുന്നത്.
