സ്ത്രീ സുരക്ഷാ പദ്ധതി : രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ
സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചിട്ടുണ്ട് . ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള തുക ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കേരളത്തില്‍ സ്ഥിരതാമസക്കാരായ 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്.
