ചന്ദനം മോഷ്ടിച്ച് വിൽപ്പന ; രണ്ടുപേർ അറസ്റ്റിൽ
കൽപ്പറ്റ : വയനാട്, മലപ്പുറം ജില്ലകളിൽനിന്ന് ചന്ദനം മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിലെ പ്രതികളെ വനം വകുപ്പ് അറസ്റ്റുചെയ്തു. വിൽപ്പന നടത്തുന്നതിൽ പ്രധാനിയും പിടികിട്ടാപ്പുള്ളിയുമായ മലപ്പുറം മറുകര അത്തിമണ്ണിൽ അലവിക്കുട്ടി (44) യാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
അലവിക്കുട്ടി മലപ്പുറം ജില്ലയിലെ ഒട്ടേറെ ചന്ദനമോഷണ കേസുകളിലെ പ്രതിയാണ്. കല്പറ്റ റെയ്ഞ്ച് ഓഫീസർ കെ. ഹാഷിഫിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. വേഷം മാറിവന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട
ഉടനെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അലവിക്കുട്ടിയെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കല്പറ്റ റെയ്ഞ്ച് പരിധിയിൽ ചന്ദനം മോഷ്ടിച്ച കേസിൽ പിടിയിലായ മലപ്പുറം കൊടിയത്തൂർ കോട്ടക്കുഴയിൽ അബ്ദുന്നാസറിനെ വനംവകുപ്പ് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിനിടെ ഇയാൾ ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്നും പ്രതികൾക്ക് അന്തസ്സംസ്ഥാന ബന്ധമുള്ള വരായതിനാലും അന്വേഷണം ഊർജിതമാക്കിയതായി കല്പറ്റ റെയ്ഞ്ച് ഓഫീസർ കെ. ഹാഷിഫ് പറഞ്ഞു.
എസ്എഫ്ഒമാരായ എൻ.ആർ. കേളു, കെ.കെ. ഷിഹാബ്, ബിഎഫ്ഒമാരായ പി.കെ. നൗഫൽ, ടി.പി. മിനു, കെ.വി. ബിപിൻ, വി. അജയ്, എഫ്ബിഒമാ രായ പി.എം. ബാബുരാജ്, എം. സുഭാഷ്, കെ. മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
