January 3, 2026

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതര്‍ക്കുളള മുസ്ലിം ലീഗിന്റെ പുനരധിവാസ വീടുകള്‍ ഫെബ്രുവരി 28-ന് കൈമാറും

Share

 

മേപ്പാടി : മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുളള മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുളള വീടുകള്‍ ഫെബ്രുവരി 28-ന് കൈമാറും. 50 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് ദുരന്തബാധിതര്‍ക്കായുളള ലീഗിന്റെ 105 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കര്‍ സ്ഥലത്താണ് വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

 

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുളള അടിത്തറയോട് കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകല്‍ക്കായുളള സ്ഥലമേറ്റെടുത്തത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ ലീഗ് ഒരുമാസം കൊണ്ട് 40 കോടിയോളം രൂപയാണ് സമാഹരിച്ചത്.


Share
Copyright © All rights reserved. | Newsphere by AF themes.