തലമുറ മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ; നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണിത്. സംഘടനാ തലത്തിലും തെരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും നല്ല പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. 50 ശതമാനം വേണമെന്ന് പറയാറുണ്ട്. അതു നടപ്പാക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ടെന്നും വിഡി സതീശന്‍ അടൂരില്‍ പറഞ്ഞു.
യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നതിനര്‍ത്ഥം പഴയ തലമുറയില്‍പ്പെട്ട എല്ലാവരോടും മാറി നില്‍ക്കണം എന്നല്ലോ പറയുന്നത്. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് കൂടി അവസരം ഉണ്ടാകണം. തീര്‍ച്ചയായും അങ്ങനെ ഉണ്ടാകണം. ഞങ്ങളെല്ലാം അങ്ങനെ കയറി വന്നവരാണ്. ഇനി ഞങ്ങള്‍ക്ക് പിറകേ ആരും വരേണ്ട എന്നു തീരുമാനിക്കാന്‍ പറ്റില്ലല്ലോ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണ് . പാര്‍ട്ടിയെ സജീവമായി നിര്‍ത്തുന്നതിനു വേണ്ടി കൂടിയാണിത്. അതിനു വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്നവരെ മാറ്റി നിര്‍ത്തും എന്നൊന്നും പറഞ്ഞിട്ടില്ല. കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും കൊണ്ടുവരും എന്നാണ്. പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനര്‍ത്ഥം. മാറ്റം ഉണ്ടാകും. സംഘടനാപരമായും അങ്ങനെ വേണം. അതുകൊണ്ട് മുതിര്‍ന്ന നേതാക്കളൊന്നും പാര്‍ട്ടി വിട്ടു പോയിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.
മുതിര്‍ന്നവരുടെ സഹായവും, അവരുടെ ഉപദേശവും തേടും. അവരില്‍ മത്സരിക്കാന്‍ പറ്റുന്നവര്‍ മത്സരിക്കുകയും ചെയ്യും. അവരെ ആരെയും ഒഴിവാക്കില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളില്‍ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.
