December 2, 2025

സര്‍ക്കാരിന്റെ വാദം തള്ളി : കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി

Share

 

ഡല്‍ഹി : കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. പ്രതിസന്ധിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ആര്‍ക്കും പ്രശ്‌നമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. 88 ശതമാനം ഡിജിറ്റൈസേഷനും പൂര്‍ത്തിയായല്ലോയെന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയും ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഫര്‍മേഷന്‍ റിവിഷന്‍ (SIR) നടപടികള്‍ മാറ്റിവയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ചു മുന്നോട്ട് പോകുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.

 

എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കളയണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച്‌ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. എസ്‌ഐആര്‍ നടപടികള്‍ തിരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

 

എസ്‌ഐആര്‍ ജോലിയിലെ സമ്മര്‍ദ്ദം കാരണം കേരളത്തില്‍ ഒരു ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) ആത്മഹത്യ ചെയ്ത വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ബിഎല്‍ഒയുടെ മരണം എസ്‌ഐആര്‍ ജോലിയുടെ ഭാരം മൂലമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി.

 

എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കുന്നതില്‍ നേരത്തെ ഇടപെടാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തോട് സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍, വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബര്‍ 11 വരെ നീട്ടിയിട്ടുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.