റേഷൻ വിതരണം ഇന്ന് മുതല്‍ : ക്രിസ്മസ് പ്രമാണിച്ച് അധിക വിഹിതം
ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (ഡിസംബർ രണ്ട്) മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരുന്നതിനാല്‍ ആണ് ഇന്ന് മുതല്‍ റേഷൻ നല്‍കുന്നത്. ക്രിസ്തുമസ് പ്രമാണിച്ച് റേഷൻ സാധനങ്ങളുടെ വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്. നവംബറിലെ റേഷൻ വിതരണം നവംബർ 29, ശനിയാഴ്ച പൂർത്തിയായി.
ഡിസംബർ മാസത്തില്‍ വെള്ള കാർഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരിയും നീല കാർഡുകാർക്ക് 5 കിലോ സ്പെഷല്‍ അരിയും ലഭിക്കും. കഴിഞ്ഞമാസം വെള്ള കാർഡ് ഉടമകള്‍ക്ക് 5 കിലോഗ്രാമും നീല കാർഡിന് 2 കിലോഗ്രാമും വീതമായി സാധാരണ വിഹിതവുമായിരുന്നു ലഭിച്ചത്. അതേസമയം, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 1 ലിറ്റര്‍ മണ്ണെണ്ണ വീതമാണ് ലഭിക്കുന്നത്.
സപ്ലൈകോയില്‍ വില കുറവ്
വെളിച്ചെണ്ണ, പഞ്ചസാര മുതലായ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ വഴി വില കുറവില്‍ വാങ്ങാവുന്നതാണ്. ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും ലഭ്യമാണ്. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ വാങ്ങാം. വനിത ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനംവരെ അധിക വിലക്കുറവുണ്ട്.
ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമേല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ കിട്ടും.
കൂടാതെ, ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ചന്ത നടത്തപ്പെടും. താലൂക്കുതലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളുണ്ടായിരിക്കുന്നതാണ്.
