സന്തോഷവാര്‍ത്ത, ഡിസംബറിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാർത്തയുമായി കെ.എസ്.ഇ.ബി. ഡിസംബറിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 5 പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 8പൈസയും സർചാർജ് ആയി നല്‍കേണ്ടി വരും.
സെപ്തംബർ മുതല്‍ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു സർചാർജ്. ഒക്ടോബറില്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെഎസ്ഇബിക്ക് അധികമായി ചെലവായ 9.92കോടിരൂപയും അതിനു മുൻപുള്ള മാസങ്ങളില്‍ സർചാർജിലൂടെ തിരിച്ചുപിടിച്ചതിന് ശേഷവും ബാക്കി വന്ന തുകയും ചേർത്ത് 10.77 കോടിരൂപ ഈടാക്കാനാണ് ഡിസംബറില്‍ സർചാർജ് ഏർപ്പെടുത്തിയത്. ഇതിലാണ് ഇപ്പോള്‍ ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ നിരക്ക് ഉയരുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
