ആർ.ബി.ഐയില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍ ; അപേക്ഷ തീയതി നീട്ടി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ബാങ്ക്സ് മെഡിക്കല്‍ കണ്‍സല്‍ട്ടന്റ് (ബി.എം.സി) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പാർട്ട് ടൈം ബി.എം.സി.യുടെ രണ്ട് തസ്തികകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ഇപ്പോള്‍ 2025 നവംബർ 28-നകം അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. നേരത്തെ നവംബർ 14 ആയിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. അപേക്ഷകന് അലോപ്പതി വൈദ്യശാസ്ത്രത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയുടെ എം.ബി.ബി.എസ്. ബിരുദം ഉണ്ടായിരിക്കണം. ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിക്കല്‍ പ്രാക്ടീഷണറായി അലോപ്പതി സമ്ബ്രദായം പരിശീലിപ്പിച്ചതില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്.
കരാർ കാലയളവില്‍, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിന് 1,000 രൂപ നിരക്കില്‍ വേതനം ലഭിക്കും. ഇതിനു പുറമെ യാത്രാബത്തയും മൊബൈല്‍ ബില്‍ റീഇമ്ബേഴ്സ്മെന്റും ലഭിക്കുന്നതാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്കായി ബാങ്ക് അഭിമുഖവും രേഖാ പരിശോധനയും നടത്തും. അപേക്ഷകന്റെ ഡിസ്പെൻസറിയോ താമസസ്ഥലമോ ബാങ്കിന്റെ ഡിസ്പെൻസറികളില്‍ നിന്ന് 10-15 കിലോമീറ്റർ ചുറ്റളവില്‍ ആയിരിക്കണം എന്ന നിബന്ധനയുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.rbi.org.in/ സന്ദർശിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ റീജിയണല്‍ ഡയറക്ടർ, എച്ച്.ആർ.എം. ഡിപ്പാർട്ട്‌മെന്റ്, ആർ.ബി.ഐ, മെയിൻ ഓഫീസ് ബില്‍ഡിംഗ്, നിയർ ഗാന്ധി ബ്രിഡ്ജ്, അഹമ്മദാബാദ് – 380014 എന്ന വിലാസത്തില്‍ അയക്കണം.
