November 22, 2025

മാനന്തവാടിയില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Share

 

മാനന്തവാടി : ടൂറിസ്റ്റ് ബസില്‍ കൊമേഴ്ഷ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ കടത്താനുള്ള യുവാക്കളുടെ ശ്രമം പൊളിച്ചടുക്കി വയനാട് പോലീസ്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സേനയും, മാനന്തവാടി പോലീസും 22.11.2025 ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയത്. 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ ഏറനാട്, പറമ്പില്‍ത്തൊടി വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(28), മൊറയൂര്‍, ഉണ്ണിയേരിക്കുന്ന് വീട്ടില്‍ റബീല്‍ നിയാസ്(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

 

ചെറ്റപ്പാലത്ത് നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ ഇരുവരും കയ്യില്‍ കരുതിയ ബാഗുകളില്‍ നിന്നാണ് പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഒന്നാം പ്രതിയായ സല്‍മാനുല്‍ ഫാരിസിനെതിരെ കൊണ്ടോട്ടി സ്‌റ്റേഷനില്‍ രണ്ട് എന്‍.ഡി.പി.എസ്് കേസുകളും, വാഴക്കാട്, ബേപ്പൂര്‍ സ്‌റ്റേഷനുകളില്‍ മോട്ടോര്‍ വാഹന കേസുകളും നിലവിലുണ്ട്. റബീല്‍ നിയാസിനെതിരെ മഞ്ചേരി, പന്തീരാങ്കാവ് സ്‌റ്റേഷനുകളില്‍ ലഹരി കേസുകളുണ്ട്.

 

ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ ജിതിന്‍ കുമാര്‍, ജൂനിയര്‍ എസ്.ഐമാരായ കെ. സിന്‍ഷ, മുര്‍ഷിദ്, എ എസ് ഐ റോയ്സൺ ജോസഫ്, എസ്.സി.പി.ഒ സെല്‍വന്‍, സി.പി.ഒമാരായ കെ.വി. രഞ്ജിത്ത്, സനൂപ് എന്നിവരാണ് ഇവരെ പിടികൂടിയത്.


Share
Copyright © All rights reserved. | Newsphere by AF themes.