November 21, 2025

കേരള ഹൈക്കോടതിയില്‍ 49 ഒഴിവുകള്‍ ; ഡിസംബർ 16 വരെ അപേക്ഷിക്കാം

Share

 

കേരള ഹൈക്കോടതിയില്‍ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 49 ഒഴിവുകളാണ് ഈ വിജ്ഞാപനത്തിലൂടെ നികത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് 2025 ഡിസംബർ 16 വരെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

ഏറ്റവുമധികം ഒഴിവുകളുള്ളത് ട്രാൻസ്ലേറ്റർ തസ്തികയിലാണ് (20 ഒഴിവ്). ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ട്രാൻസ്ലേറ്റർമാർക്ക് 31,020 രൂപയാണ് ശമ്ബളം. ടെക്നിക്കല്‍ അസിസ്റ്റന്റ് (16 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12 ഒഴിവ്) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ടെക്നിക്കല്‍ അസിസ്റ്റന്റിന് 30,000 രൂപയും ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 22,240 രൂപയുമാണ് ശമ്ബളം.

 

ഇലക്‌ട്രോണിക്സ്/ഐടി/കമ്ബ്യൂട്ടർ സയൻസ് എന്നിവയില്‍ ഡിപ്ലോമയുള്ളവർക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് കമ്ബ്യൂട്ടർ സർട്ടിഫിക്കറ്റോടെ ഡാറ്റാ എൻട്രി ഓപ്പറേറ്ററാകാനും അവസരമുണ്ട്. സീനിയർ കമ്ബ്യൂട്ടർ പ്രോഗ്രാമർ തസ്തികയില്‍ ഒരു ഒഴിവുണ്ട്. എംസിഎ, ബി.ടെക് ബിരുദധാരികള്‍ക്ക് 60,000 രൂപ വരെ ശമ്ബളത്തില്‍ ഈ തസ്തികയില്‍ ജോലി നേടാൻ സാധിക്കും.

 

ട്രാൻസ്ലേറ്റർ, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് 1989 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയില്‍ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. സീനിയർ കമ്ബ്യൂട്ടർ പ്രോഗ്രാമർക്ക് പ്രായപരിധിയില്‍ മാറ്റമുണ്ട്. ഉദ്യോഗാർത്ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.


Share
Copyright © All rights reserved. | Newsphere by AF themes.