സഞ്ജു ഇനി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ : ഔദ്യോഗിക പ്രഖ്യാപനമെത്തി, ജഡേജയും സാം കറനും രാജസ്ഥാനില്‍
ദുബയ് : ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്ക് എത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് താരം സാം കറൻ എന്നീ താരങ്ങള്‍ രാജസ്ഥാനിലേക്കുമെത്തും, സഞ്ജു-ജഡേജ കൈമാറ്റക്കരാർ വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.
18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ ടീമില്‍ നിലനിർത്തിയത്. ഇത്തവണ ചെന്നൈയിലേക്ക് വരുമ്ബോള്‍ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ല. ഋതുരാജ് ഗെയ്ക്വാദില്‍ നിന്ന് ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത എംഎസ് ധോണി തന്നെ ഇത്തവണയും ടീമിനെ നയിക്കുമെന്നാണ് വിവരം. എന്നാല്‍ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിന് സാദ്ധ്യത കൂടുതലാണ്.
കഴിഞ്ഞ സീസണ്‍ അവസാനിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയല്‍സിനോട് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസണ്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ മുതല്‍ താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തന്നെയാകും താരത്തിന്റെ കൂടുമാറ്റമെന്നും ഉറപ്പായിരുന്നു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ്, മുംബയ് ഇന്ത്യൻസ് എന്നീ ടീമുകള്‍ക്കും സഞ്ജുവിന് ഒപ്പം കൂട്ടാൻ താത്പര്യമുണ്ടെന്ന റിപ്പോർട്ടുകള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചമുതലാണ് സഞ്ജുവിന്റെ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം വീണ്ടും ചർച്ചയായത്. സഞ്ജു സാംസണെ കൈമാറുന്നതിന് പകരമായി രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് എന്നിവരെ രാജസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബ്രെവിസിനെ വിട്ടുനല്‍കാൻ ചെന്നൈ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് ചർച്ചകള്‍ സാം കറനിലേക്ക് എത്തിയത്. രണ്ട് ദിവസം മുമ്ബ് തന്നെ രാജസ്ഥാനും ചെന്നൈയും ഡീല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായ ചില കാര്യങ്ങളെത്തുടർന്നാണ് സ്ഥിരീകരണം വൈകിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു സാംസണ്‍ ഐപിഎല്ലിലേക്ക് എത്തുന്നത് എന്നാല്‍ ഒരു മത്സരം പോലും അവർക്കായി കളിച്ചിരുന്നില്ല. പിന്നീട് രാജസ്ഥാൻ റോയല്‍സിലേക്ക് പോയി. രാജസ്ഥാനെ വിലക്കിയ രണ്ട് വർഷത്തെ ഇടവേളയില്‍ ഡല്‍ഹിയായിരുന്നു സഞ്ജുവിന്റെ തട്ടകം. അവിടെ നിന്ന് രാജസ്ഥാനിലേക്ക് മടങ്ങുകയും ടീമിന്റെ നായകനാകുകയും ചെയ്തു. ഒരു സീസണില്‍ രാജസ്ഥാൻ റോയല്‍സിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിനായി.
