November 13, 2025

തദ്ദേശതിരഞ്ഞെടുപ്പ് : മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം – ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

Share

 

കൽപ്പറ്റ : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കും. ഉദ്യോഗസ്ഥര്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് വിധേയത്വമോ വെറുപ്പോ കാണിക്കരുത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ച തിയതി മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്.

 

*മതസ്പര്‍ദ്ധയുണ്ടാക്കാന്‍ പാടില്ല*

 

രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ വിവിധ ജാതികള്‍ സമുദായങ്ങള്‍ തമ്മില്‍ മത, വംശ, ജാതി, സമുദായ, ഭാഷാപരമായ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുകയോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145-ാംവകുപ്പ് പ്രകാരം മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

 

*വിമര്‍ശനങ്ങള്‍ക്ക് പരിധിയുണ്ട്*

 

മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തേണ്ടതാണ്. മറ്റു കക്ഷികളുടെ നേതാക്കന്‍മാര്‍, പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികള്‍ വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം.

 

*ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് ചോദിക്കരുത്*

 

സമ്മതിദായകരോട് ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍ മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ പ്രചാരണത്തിന് വേദിയായി ഉപയോഗിക്കരുത്.

 

*പ്രലോഭനമോ ഭീഷണിയോ പാടില്ല*

 

സമ്മതിദായകര്‍ക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക എന്നിവ തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകൃത്യങ്ങളാണ്.

 

*അനുമതിയില്ലാതെ പരസ്യം സ്ഥാപിക്കരുത്*

 

രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

 

*സര്‍ക്കാര്‍ ഓഫീസുകളില്‍ പരസ്യം പാടില്ല*

 

സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും ചുവര്‍ എഴുത്ത്, പോസ്റ്റര്‍ ഒട്ടിക്കല്‍, ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

 

*പൊതുയോഗങ്ങള്‍ക്ക് അനുമതി വേണം*

 

ക്രമസമാധാനം പാലിക്കാന്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടി, സ്ഥാനാര്‍ത്ഥി പോലീസിനെ അറിയിച്ച് അനുമതി നേടണം.

 

കളക്ടേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാതൃക പെരുമാറ്റച്ചട്ട് അവലോകന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ്ബാബു എന്നിവര്‍ പങ്കെടുത്തു.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.