November 7, 2025

തെരുവുനായകളെ വന്ധ്യംകരിച്ച്‌ പിടിച്ച സ്ഥലത്ത് വിടുന്ന പരിപാടി വേണ്ട, പൊതു ഇടങ്ങളില്‍ കാണാൻ പാടില്ല – ഉത്തരവിട്ട് സുപ്രിം കോടതി

Share

 

ഡല്‍ഹി : വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

 

സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റുന്നതില്‍ മുൻസിപ്പല്‍ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടുന്ന പരിപാടി വേണ്ട. ആശുപത്രികള്‍ അടക്കം പൊതുവിടങ്ങളില്‍ നായ്ക്കള്‍ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

 

സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാൻഡുകള്‍, ആശുപത്രികള്‍, സ്പോർട്സ് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

 

 

അതുപോലെ തെരുവുനായ്ക്കളും കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നായ്ക്കള്‍ കയറാതിരിക്കാൻ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളില്‍ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണം- സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.