January 30, 2026

വടുവഞ്ചാൽ കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം : യുവാക്കൾ പിടിയിൽ

Share

 

കൽപ്പറ്റ : മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്ന് പേരെയാണ് കല്പറ്റ കൺട്രോൾ റൂം എ.എസ്.ഐ സി. മുജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈറ്റ്‌ ഡ്യൂട്ടിക്കിടെ 28.10.2025 പുലർച്ചെ കൽപ്പറ്റ ടൗണിൽ നിന്ന് പിടികൂടിയത്. ചുവന്ന കളറുള്ള സ്വിഫ്റ്റ് കാറിനുള്ളിൽ നിന്ന് മോഷണ മുതലുകളായ പണവും ആമ്പ്ലിഫയറും കണ്ടെടുത്തു.

 

കോഴിക്കോട് സ്വദേശികളായ പെരുമണ്ണ, കട്ടക്കളത്തിൽ വീട്ടിൽ കെ. മുഹമ്മദ് സിനാൻ(20), പറമ്പിൽ ബസാർ, മഹൽ വീട്ടിൽ റിഫാൻ (20), എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് പോലീസ് പിടികൂടിയത്. 27.10.2025, 28.10.2025 തീയതിക്കുള്ളിലാണ് വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികളാണിവർ. ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന ഇവർ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആംപ്ളിഫയറും, ക്ഷേത്ര പരിസരത്തുള്ള ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവരുകയുമായിരുന്നു. ഇവരെ മേപ്പാടി പോലീസിന് കൈമാറി. എസ്.സി.പി.ഓ എൽദോ ഐസക്, സിപിഓ പി.യു നിധീഷ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.