ഗുണ്ടൽപ്പേട്ട് അപകടം : ബഷീറിനെയും ജസീറയെയും കണ്ണീരോടെ യാത്രയാക്കി ജന്മനാട്
കമ്പളക്കാട് : കമ്പളക്കാടിനെ കണ്ണീരിലാഴ്ത്തി ബേഗൂരിലെ ദുരന്ത വാർത്ത. ശനിയാഴ്ച രാവിലെ പത്തോടെയാണ് കര്‍ണാടക ഗുണ്ടല്‍പേട്ടിനടുത്ത് കമ്പളക്കാട്ടെ മൊബൈൽ ഷോപ്പ് വ്യാപാരിയായ കരിഞ്ചേരി അബ്ദുള്‍ ബഷീറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടെന്നും രണ്ടുപേർ തൽക്ഷണം മരിച്ചെന്നുമുള്ള വാർത്തയെത്തിയത്. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ബഷീറും കുടുംബവും അപകടത്തിൽപ്പെട്ടെന്നത് കേട്ടവരെല്ലാം വിശ്വസിക്കാനാവാതെ പകച്ചുപോയ നിമിഷം. ഒട്ടും ആലോചിച്ചില്ല, വിവരം അറിഞ്ഞവരിൽ ഭൂരിഭാഗവും പേർ സംഭവസ്ഥലത്തേക്ക് വാഹനത്തിൽ പുറപ്പെട്ടു. ഇതിനിടെ മരിച്ചത് മൂന്നു പേരാണെന്നുള്ള ഗ്യാതി പരന്നു. ബഷീറിൻ്റെ ഭാര്യ നസീമ, സഹോദരീപുത്രന്‍ മുഹമ്മദ് ഷാഫി, ഭാര്യ ജസീറ, ഇവരുടെ മകന്‍ ഹൈസം ഹാനാന്‍ എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മണിക്കൂറുകൾ പിന്നിട്ടതോടെ മരിച്ചത് രണ്ടുപേരാണെന്നും അതിലൊരാൾ ബഷീർ ആണെന്നും ഉറപ്പായി. എന്നാൽ മരണപ്പെട്ടവരിൽ ഒരു സ്ത്രീ ഉൾപ്പെട്ടിരുന്നു. ഇത് നസീമയാണോ, അതോ ജസീറയാണോ എന്ന സംശയത്തിലായി. ഗുണ്ടൽപേട്ടിലേക്ക് പുറപ്പെട്ട ബന്ധുക്കൾ സ്ഥലത്തെത്തിയതോടെയാണ് മരിച്ചത് ജസീറയാണെന്നതിന് സ്ഥിരീകരണമായത്. കമ്പളക്കാട് കെൽട്രാൺ വളവിനും മടക്കിമലയ്ക്കുമിടയിലാണ് ബഷീറിൻ്റെ വീട്. ഇവിടെ നിന്നും അഞ്ചൂറ് മീറ്ററോളം മാറി കമ്പളക്കാട് എ.കെ റോഡിലാണ് ഷാഫി താമസിക്കുന്നത്. ദുരന്തവാർത്തയറിഞ്ഞെത്തിയ ഇരു വീട്ടിലെയും ബന്ധുക്കളും നാട്ടുകാരും ബഷീറിൻ്റെ വീട്ടിലാണ് സംഘമിച്ചത്. അപകടത്തിൽ മരിച്ച ഇരുവരെയും രാത്രി ഒൻപതോടെ ഇവിടെയെത്തിച്ച് അല്പനേരം പൊതുദർശനത്തിന് വെച്ചു. രാത്രി ഏറെ വൈകിയും ആയിരങ്ങളാണ് ഇവരെ അവസാനമായി ഒരു നോക്കുകാണാൻ എത്തിച്ചേർന്നത്. ഏവരെയും കണ്ണീരണിയിച്ച ഇരുവരുടെയും മൃതദേഹം മടക്കിമല ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
ഒരാഴ്ച മുൻപാണ് ബഷീറും കുടുംബവും തായ്ലാൻഡിലേക്ക് പോയത്. ശനിയാഴ്ച പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവർ സ്വന്തം കാറിൽ
നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടയില്‍ എതിര്‍ദിശയില്‍ കരിങ്കല്ലുമായി വന്ന ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ബഷീറിൻ്റെ ഭാര്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും, ഷാഫിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ മൈസൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
