October 20, 2025

ചക്രവാതചുഴി തീവ്രന്യൂനമര്‍ദമായി മാറിയേക്കും ; സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Share

 

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

 

തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് ശക്തമായ മഴയ്ക്ക് കളമൊരുക്കുന്നത്. ചക്രവാതചുഴി രണ്ടുദിവസത്തിനകം അതിശക്തമായ തീവ്രന്യൂനമര്‍ദമായി മാറുമെന്നാണ് സൂചന. അടുത്ത ഏഴ് ദിവസവും ശക്തമായ മഴയയായിരിക്കുമെന്നാണ് സൂചനകള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

 

മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 5 കിമീ വരെയും ചിലപ്പോള്‍ 55 കിമീ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

ഇടുക്കിയില്‍ ജാഗ്രത തുടരുകയാണ് ജല സാഹസ വിനോദങ്ങളള്‍ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നിലവില്‍ സെക്കന്റില്‍ ഒമ്ബതിനായിരം ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. 13 ഷട്ടറുകള്‍ ഒന്നരമീറ്റര്‍ വീതം ഉയര്‍ത്തി. 138.95 അടിയുള്ള ജലനിരപ്പ് 137 അടിയിലേക്ക് ക്രമീകരിക്കും. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.