വീടിന്റെ വരാന്തയില്‍ ഇരിക്കവെ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം : വയനാട്ടിൽ അഞ്ച് പേർക്ക് പരിക്ക്

കൽപ്പറ്റ : വയനാട്ടിൽ ഇടിമിന്നലേറ്റ് അഞ്ച് പേർക്ക് പരിക്ക്. പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്കും, കരണി കല്ലഞ്ചിറയിൽ ഒരു വിദ്യാർഥിക്കുമാണ് പരിക്കേറ്റത്. കാപ്പിക്കളത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മഴ പെയ്തപ്പോള്‍ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്. ഇവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരണി കല്ലഞ്ചിറ കാവുവയൽ രാജേഷിൻ്റെ മകൻ അഖിലേഷിനാണ് (17) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കല്ലഞ്ചിറ അണക്കെട്ടിന് സമീപത്ത് വെച്ചാണ് അഖിലേഷിന് മിന്നലേറ്റത്. അബോധാവസ്ഥയിൽ മഴയിൽ കുളിച്ചുകിടന്ന അഖിലേഷിനെ നാട്ടുകാർ ഓടിക്കൂടി ക്രിത്രിമ ശ്വാസവും മറ്റും നൽകി ഉടനെ കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കൽപ്പറ്റ ജനറൽ ആശുപത്രിയിലും പിന്നീട് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇടിമിന്നലേറ്റുള്ള വീഴ്ച്ചയിൽ കുട്ടിയുടെ കാലിലെ അരിമ്പാറ പൊട്ടി പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്തമഴയാണ് പെയ്തത്.
അതേസമയം ഇടിമിന്നലേറ്റ് കോഴിക്കോട് നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) മരിച്ചു. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ മിന്നലേല്‍ക്കുകയായിരുന്നു. ശനിയാഴ്ച വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
ജാഗ്രതാ നിർദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക.