കേരളം കണ്ട ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പ് : വയനാട് തൊണ്ടര്‍നാട് നടന്നത് 2.09 കോടിയുടെ തിരിമറി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാനന്തവാടി : വയനാട് തൊണ്ടർനാട് നടന്നത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പെന്ന് രേഖകള്‍. തൊഴിലുറപ്പ് പദ്ധതികളില്‍ 2.09 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന 1063 ഫയലുകള്‍ പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. 7 കോണ്‍ട്രാക്ടർമാർക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പറയുന്നു. ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ അന്വേഷണം റിപ്പോർട്ട് 21 ന് സമർപ്പിക്കും. കേസില്‍ 8 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു.
തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ആണ് ജെപിസി അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഏർപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയായ ജോജോ ജോണി ഒളിവില്‍ തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് മാത്രമല്ല സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആണ് യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണം.
2021 മുതല്‍ 2025 വരെയുള്ള 1000 ഫയലുകള്‍ പരിശോധിച്ച സംഘം 600 ഫീല്‍ഡ് പരിശോധനയും പൂർത്തിയാക്കി. ഇതില്‍ നിന്ന് 2.92 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിയതായാണു സൂചന. ഒന്നര മാസം മുൻപാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കലക്ടർ നിർദേശിച്ചിരുന്നത്.