സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളില്‍ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ചക്രവാദചൂഴി നിലനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒക്ടോബർ 17ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ഒക്ടോബർ 19 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.