ഗെറ്റ് റെഡി കേരള ! അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

കൊച്ചി : ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ സൂപ്പര്‍ പോരാട്ടം നവംബര്‍ 17ന് നടക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പും ലഭിച്ചതായും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്ബനി എംഡി ആന്റോ അഗസ്റ്റിന്‍ അറിയിച്ചു.
മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകര്‍ക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ ആര്‍ റഹ്മാന്‍ മ്യൂസിക് ഷോയും ഹനുമാന്‍ കൈന്‍ഡിന്റെ സംഗീത പരിപാടിയും നവംബര്‍ 16ന് നടക്കും. ഏറ്റവും വലിയ ഡ്രോണ്‍ ഷോയും സംഘടിപ്പിക്കും.
കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു
അര്‍ജന്റീന-ഓസ്‌ട്രേലിയ പോരാട്ടത്തിനായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അതിവേഗം നിര്‍മാണം പുരോഗമിക്കുകയാണ്. 70 കോടി ചെലവിട്ടാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നത്. ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് പുനര്‍ നിര്‍മാണം. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കും.
കസേരകളെല്ലാം ഇളക്കിമാറ്റി പുതിയത് സ്ഥാപിച്ച് തുടങ്ങി. വിവിഐപി ഗ്യാലറികളും പവലിയനുകളും പ്രധാന ആകര്‍ഷണമാകും. 30 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. 2,000 തൊഴിലാളികളാണ് നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത്.
ടിക്കറ്റ് നിരക്കുകള്‍ 2 ദിവസത്തിനകം, വാര്‍ത്തകള്‍ വ്യാജം
അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും അവസരം ഒരുക്കുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകള്‍.
ഈ മാസം പതിനെട്ടിനോ പത്തൊന്‍പതിനോ ടിക്കറ്റ് വില്‍പന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. വ്യാജ ടിക്കറ്റുകളുടെ വില്‍പനാ ശ്രമവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം വ്യാജമാണ്. ടിക്കറ്റ് വില്‍പ്പനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടി വി ഔദ്യോഗികമായി വിവരങ്ങള്‍ പങ്കുവയ്ക്കും.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ
മെസിപ്പടയെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളെത്തുമെന്നാണ് പ്രതീക്ഷ. പഴുതടച്ചുള്ള സുരക്ഷയാകും ഒരുക്കുക. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടേയും അവലോകന യോഗം ചേര്‍ന്ന് സുരക്ഷ വിലയിരുത്തി. 50,000 കാണികളെ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കാവുന്ന തരത്തിലാകും ക്രമീകരണങ്ങള്‍.
കൊച്ചിയിലെത്തുന്നത് ലോകകപ്പ് നേടിയ അര്‍ജന്റീന ടീം
ലയണല്‍ മെസി ക്യാപ്റ്റനായ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമാണ് കൊച്ചിയില്‍ മത്സരത്തിനെത്തുന്നത്. എമിലിയാനോ മാര്‍ട്ടിനെസ്, അലക്സിസ് മക്‌അലിസ്റ്റര്‍ ,റോഡ്രിഗോ ഡീപോള്‍, ജൂലിയന്‍ അല്‍വാരസ്, ലൗത്താരോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, ഗോണ്‍സാലോ മോണ്ടിയെല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍കോസ് അക്യുന, നഹുവെല്‍ മൊളിന, എസ്വെക്വിയേല്‍ പലാസിയോസ് , ജിയോവാനി ലോസെല്‍സോ, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മെഡ തുടങ്ങിയ വമ്ബന്‍ താരങ്ങള്‍ക്കൊപ്പം ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും.
കേരളത്തിന്റെ കായിക ഭൂപടത്തെ മാറ്റിമറിക്കും
മെസിയെത്തിയതിന് മുന്‍പും ശേഷവും എന്ന നിലയ്ക്ക്, കേരളത്തിന്റെ കായിക രംഗം മാറുമെന്നാണ് പ്രതീക്ഷയെന്നറിപ്പോര്‍ട്ടര്‍ വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ പറഞ്ഞു. അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം ലോകകായിക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തും. കൂടുതല്‍ ഫിഫ മത്സരങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിക്കാനാണ് ശ്രമമെന്നും ജോസ് കുട്ടി അഗസ്റ്റിന്‍ വ്യക്തമാക്കി.