October 13, 2025

കൽപ്പറ്റ നഗരത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരം : ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

Share

 

കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3.30 മുതൽ ആറു വരെയും ടൗണിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തി. പഴയ ബസ് സ്റ്റാൻഡിനകത്ത് സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല. ബസുകൾക്ക് മാത്രമായിരിക്കും പ്രവേശനം. നഗരപരിധിയിൽ ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൽ പാടുള്ളൂ. സ്റ്റോപ്പുകൾക്ക് പുറത്ത് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. ഗതാഗത പരിഷ്കാരങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും.

 

 

ചുങ്കത്ത് ട്രാഫിക്ക് സിഗ്നൽ വരുന്ന മുറക്ക് വാഹനങ്ങൾക്ക് ചുങ്കം – പള്ളിത്താഴെ റോഡ് വൺവേ (ചുങ്കം പള്ളിത്താഴെ) എച്ച്.ഐ.എം യു പി സ്കൂളിന് സമീപത്തുകൂടിയും, ആനപ്പാലം ജംഗ്ഷൻ വഴിയും ടൗണിലേക്ക് പ്രവേശിക്കാവുന്നതാണ്. പൊതുപരിപാടികൾക്ക് റോഡരികിൽ സ്ഥാപിക്കുന്ന കൊടിത്തോരണങ്ങൾ പരിപാടിക്ക് 48 മണിക്കൂർ മുമ്പ് മാത്രമേ സ്ഥാപിക്കാവൂ. പരിപാടി കഴിഞ്ഞ ഉടൻ അവ നീക്കം ചെയ്യാനും നഗരസഭ നിർദേശിച്ചു. പഴയ ബസ് സ്റ്റാൻഡിനോട് ചേർന്ന ജനമൈത്രി പാർക്കും കൽച്ചിൽ പാർക്കും നവീകരിച്ച് പൊതുജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും ഉപയോഗപ്രദമാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി ബൈപ്പാസ് വഴിയുള്ള യാത്ര പ്രോത്സാഹിപ്പിക്കും. ടൗൺ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചുവിടാൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും.

 

കൽപ്പറ്റ നഗരത്തിലെ ബസ് റൂട്ടുകളിൽ പടിഞ്ഞാറത്തറ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ എൻ.എം.ഡി.സി.യുടെ ആരംഭത്തിൽ ജാം ജൂമിന് സമീപം യാത്രക്കാരെ ഇറക്കി, പഴയ സ്റ്റാൻഡിൽ പ്രവേശിക്കാതെ ഇ-പ്ലാനറ്റിന് മുൻവശത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകണം. പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ കയറ്റി പിണങ്ങോട് റോഡ് (ലുലു ബേക്കറി, ഫാത്തിമ ഭാഗം വഴി) വഴിയാണ് പോകേണ്ടത്.

 

എല്ലാ ബസുകളും എല്ലാ സമയത്തും പുതിയ ബസ് സ്റ്റാൻഡിനകത്ത് പ്രവേശിക്കണം. സ്റ്റാൻഡിന് പുറത്തു യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാൻ പാടില്ല. മേപ്പാടി ഭാഗത്തു നിന്ന് വരുന്ന ബസുകൾ ആദ്യം പുതിയ ബസ് സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും യാത്രക്കാരെ ഇറക്കണം. മേപ്പാടിയിലേക്ക് പോകുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ കയറ്റി പുതിയ സ്റ്റാൻഡിലൂടെ ട്രാഫിക് ജംഗ്ഷൻ വഴി പുറപ്പെടണം. സ്റ്റോപ്പുകൾക്ക് പുറത്ത് ടൗണിൽ നിർത്തി യാത്രക്കാരെ എടുക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കും. കൈനാട്ടി, സിവിൽ സ്റ്റേഷൻ ഭാഗത്ത് നിന്ന് വരുന്ന കൽപ്പറ്റയിൽ അവസാനിക്കുന്ന ബസുകൾ ബസ് സ്റ്റാൻഡിനകത്ത് പ്രവേശിക്കാതെ പുറത്തെ ബസ് ബേയിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകണം.

 

നഗരത്തിലെ  ഓട്ടോ സ്റ്റാൻ്റുകൾക്കായി കൈനാട്ടി ബത്തേരി റോഡ്, മാനന്തവാടി റോഡ്, കോടതിക്ക് മുൻവശം, ഗൂഡലായി, വുഡ്‌ലാൻഡ് മുൻവശം, ലിയോ റോഡ്, ആനപ്പാലം ജംഗ്ഷൻ തുടങ്ങി പതിനെട്ടോളം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ലോറികൾക്കും മിനിലോറികൾക്കും ബൈപ്പാസിൽ പ്രത്യേക സ്റ്റാൻഡ് അനുവദിച്ചിട്ടുണ്ട്. ഗുഡ്സ് വാഹനങ്ങൾ പഴയ കെ.ജെ. ആശുപത്രിക്കും എം.എം. ഹാർഡ്വെയർ കടയ്ക്കും മുന്നിൽ നിർത്താം. ടൂറിസ്റ്റ് ടാക്സികൾക്ക് പുതിയ ബസ് സ്റ്റാൻഡിന്റെ ഇടത് വശത്തും ടെംപോ ട്രാവലറുകൾക്ക് ലളിത മഹൽ ഓഡിറ്റോറിയത്തിന് മുൻവശത്തും സ്ഥലം അനുവദിച്ചിട്ടുണ്ട്.

സിവിൽ സ്റ്റേഷനടുത്ത് ടാക്സികൾക്കായി പ്രത്യേക സ്റ്റാൻഡ് ഒരുക്കും.

 

പാർക്കിംഗ് നിയന്ത്രണ മേഖലകളിലും മാറ്റങ്ങളുണ്ട്. ഗ്രാനൈറ്റ് വേൾഡിൽ നിന്ന് പാറ്റാനി വരെയുള്ള ഭാഗത്ത് ഫോർ വീലർ പാർക്കിംഗ് ഏർപ്പെടുത്തി. ജനമൈത്രി ജംഗ്ഷൻ മുതൽ പോലീസ് സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗം പൂർണ്ണമായും നോ പാർക്കിംഗ് മേഖലയാക്കും. ലിയോ ഹോസ്പിറ്റൽ റോഡിൽ നിന്ന് ജീവാ മെഡിക്കൽസ് വരെയുള്ള ഭാഗം ടു വീലർ പാർക്കിംഗ് മേഖലയായി നിശ്ചയിച്ചു. മലബാർ ഗോൾഡ് മുതൽ ട്രെൻസ് വരെയുള്ള ഭാഗം നോ പാർക്കിംഗ് ഏരിയാക്കി മാറ്റും. എം.ജി.ടി.യുടെ മുൻവശത്തും എതിർവശത്തും ഫോർ വീലർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.