October 13, 2025

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്

Share

 

ബത്തേരി : സുൽത്താൻ ബത്തേരി പൂതിക്കാട് റിസോർട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബീനാച്ചി സ്വദേശികളായ സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി കോച്ചേരിയിൽ നിധിൻ, കേളോത്ത് അനൂജ്, പാങ്ങാട്ട് ശരത്ത് രാജ് എന്നിവർക്കെതിരെയാണ് ബത്തേരി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

കഴിഞ്ഞ മാസം 22-ന് രാത്രിയാണ് പൂതിക്കാട്ടെ സ്വകാര്യ റിസോർട്ടിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. റിസോർട്ട് ജീവനക്കാരന്റെയും സുഹൃത്തിന്റെയും പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

 

എന്നാൽ, നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതാണെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് നിധിനും കൂട്ടാളികളും. സംഘർഷത്തിൽ ഇരുവിഭാഗത്തിലുള്ളവർക്കും പരിക്കേറ്റിരുന്നു.

 

ആദ്യ കേസിലെ പ്രതികളെ ഉടൻ പിടികൂടിയ പോലീസ്, എതിർവിഭാഗത്തിന്റെ കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായിരുന്നു. കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.