കാൻസര്‍ രോഗികള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര; വൻ പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്ന കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്‌ആര്‍ടിസി ബസില്‍ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും കാന്‍സര്‍ രോഗികള്‍ക്ക് സമ്ബൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. നിലവിലുള്ള ഉത്തരവ് പ്രകാരം 50 ശതമാനം നിരക്കില്‍ ഇളവുണ്ടായിരുന്നു. ഇതാണ് പൂർണമായും സൗജന്യമാക്കുന്നത്. കാൻസർ സെന്ററുകളിലേക്ക് പോകുന്ന അർബുദ രോഗികള്‍ക്ക് യാത്രാ ഇളവ് നല്‍കുന്ന 2012ലെ ഉത്തരവില്‍ മാറ്റം വരുത്തിയാണ് ഇത് നടപ്പാക്കുന്നത്. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി
സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.